ചെന്നൈ: ഫോണില്‍ സംസാരിച്ചു കൊണ്ടുനടക്കുന്നതിനിടെ വിമാനത്താവളത്തിലെ പാലത്തില്‍ നിന്ന് അബദ്ധത്തില്‍ താഴെ വീണ യുവാവിന് ദാരുണാന്ത്യം. ബെംഗളൂരുവിലെ ഐ.ടി കമ്പനിയായ അസഞ്ചറിലെ ജീവനക്കാരനായ ആന്ധ്ര വിജയവാഡ സ്വദേശി ചൈതന്യ വുയുരു(28) ആണ് മരിച്ചത്. ചെന്നൈ വിമാനത്താവളത്തില്‍ തിങ്കളാഴ്ച രാവിലെ 6.30 നാണ് സംഭവം.
ഫോണില്‍ സംസാരിച്ചു ചൈതന്യ വുയുരു അപകടം നടന്ന മേഖലയിലൂടെ നടക്കുന്നതു സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമാണ്. ആഭ്യന്തര- രാജ്യാന്തര ടെര്‍മിനലിനെയും ഡിപ്പാര്‍ച്ചര്‍ ഗേറ്റിനെയും ബന്ധിപ്പിക്കുന്ന പാലത്തില്‍ നിന്ന് ചൈതന്യ താഴേക്കു വീഴുകയായിരുന്നു. 30 അടിയിലേറെ ഉയരമുള്ള പാലത്തില്‍ നിന്ന് വീണ ചൈതന്യ സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു. എയര്‍പോര്‍ട്ട് അധികൃതര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
സുഹൃത്തിനെ കാണാനായി ചെന്നൈയില്‍ എത്തിയതായിരുന്നു ചൈതന്യയെന്നു പൊലീസ് പറയുന്നു. രാവിലെ ബെംഗളൂരൂവിലേക്കു പോകാന്‍ ആഭ്യന്തര വിമാനം കയറാനെത്തിയതായിരുന്നു അദ്ദേഹം. എന്നാല്‍ ഫോണ്‍ തകര്‍ന്നതിനാല്‍ ചൈതന്യയുടെ ഇ-ടിക്കറ്റ് കണ്ടെത്താനായില്ല. സംഭവം ആത്മഹത്യയാണോയെന്ന സംശയത്തില്‍ പേരില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ചൈതന്യ അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നുവെന്ന് വ്യക്തമായി. ഫോണില്‍ സംസാരിച്ചു നടക്കുന്നതിനിടെ പാലത്തിന്റെ കൈവരിയില്‍ ഇയാള്‍ ഇരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ കാലുതെന്നി നിലതെറ്റി താഴേക്ക് പതിക്കുകയായിരുന്നു.
