ബംഗളൂരു: ഭര്‍ത്താവ് പാചകം ചെയ്ത സാമ്പാറിനെ കുറ്റം പറഞ്ഞു, സങ്കടം സഹിക്കാതെ ഭാര്യ ആത്മഹത്യ ചെയ്തു. ബംഗളൂരുവില്‍ ഞായറാഴ്ചയായിരുന്നു സംഭവം. നാഗരത്നമ്മ ഭര്‍ത്താവ് ശ്രീനിവാസിനും മകന്‍ മിഥുനുമൊപ്പമായിരുന്നു താമസം. വര്‍ഷങ്ങളായി തളര്‍വാതം പിടിപെട്ട് കിടപ്പിലാണ് ശ്രീനിവാസ്. ഇലക്ട്രോണിക് ഷോപ് നടത്തുകയാണ് മകന്‍ മിഥുന്‍.
മിഥുന്‍ കടയില്‍ പോയാല്‍ രാത്രി പത്ത് മണിയോടെയാണ് മടങ്ങിയെത്തുക. ഈ സമയമത്രയും ശ്രീനിവാസും നാഗരത്നമ്മയും തനിച്ചാണ് വീട്ടിലുണ്ടാവുക. നിസ്സാര കാര്യങ്ങളെച്ചൊല്ലി വഴക്കിടുക പതിവാണ്. ജോലിക്ക് പോവാന്‍ കഴിയാതെ വന്നതോടെ ശ്രീനിവാസ് വിഷാദത്തിനടിപ്പെട്ടിരുന്നുവെന്ന് പോലീസ് പറഞ്ഞു.
നാഗരത്നമ്മ ഉറക്കെ സംസാരിക്കുന്നതു പോലും ശ്രീനിവാസിന് അസ്വസ്ഥതയായിരുന്നു. വെള്ളിയാഴ്ച രാത്രി ചോറിനൊപ്പം നല്കിയ സാമ്പാറിന് രുചി പോരെന്ന് ശ്രീനിവാസ് പറഞ്ഞത് വഴക്കില്‍ കലാശിക്കുകയായിരുന്നു. തന്നെക്കൊണ്ട് ഇതുപോലെ പാചകം ചെയ്യാനേ കഴിയൂ എന്ന് നാഗരത്നമ്മ മറുപടി നല്കി.
ജോലിക്ക് പോവാതെ വീട്ടില്‍ കിടപ്പിലായതുകൊണ്ടല്ലേ തന്നോട് ഇങ്ങനെയൊക്കെ പെരുമാറുന്നതെന്ന് ശ്രീനിവാസും പറഞ്ഞു. തുടര്‍ന്നാണ് മുറിയില്‍ കയറി കതകടച്ച് നാഗരത്നമ്മ ആത്മഹത്യ ചെയ്തത്. ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെടുക്കാനായില്ലെന്നും പോലീസ് പറഞ്ഞു.
