സായി റാം എന്ന 53കാരനാണ് വെടിയേറ്റത്. 48കാരിയായ ഭാര്യ ഹംസയാണ് അറസ്റ്റിലായത്. ബംഗളുരുവിന് അടുത്തുള്ള അനേകലിലാണ് സംഭവം. ഫോര്‍ച്യുണര്‍ കാറില്‍ തമിഴ്‌നാട്ടിലെ ഹൊസൂറില്‍നിന്ന് ബംഗളുരുവിലലേക്ക് വരുന്നതിനിടെയായിരുന്നു സംഭവം. അനേകലില്‍ ഭക്ഷണം കഴിക്കാനിറങ്ങിയ ഇരുവരും മദ്യപിച്ചതായി പൊലീസ് സൂചന നല്‍കി. ഇതിനു ശേഷം യാത്ര കാറില്‍വെച്ച് ഇരുവരും തമ്മില്‍ വഴക്കായി. ഇതിനെ തുടര്‍ന്നാണ് വെടിവെപ്പ്. ഭര്‍ത്താവ് മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് താന്‍ വെടിവെച്ചതെന്ന് യുവതി പിന്നീട് പൊലീസിനോട് പറഞ്ഞു. 

കാറില്‍ വെച്ച് ഭര്‍ത്താവിനെ മൂന്നു തവണ ഹംസ വെടിവെച്ചതായി പൊലീസ് പറഞ്ഞു. രക്ഷപ്പെടുന്നതിന് കാര്‍ നിര്‍ത്തി പുറത്തേക്കോടി വഴിയിലൂടെ വന്ന ബസില്‍ കയറി. ഉടന്‍ തന്നെ ഹംസ കാര്‍ ഡ്രൈവ് ചെയ്ത് ബസിന്റെ മുന്നില്‍ കയറി ബസ് ബ്ലോക്ക് ചെയ്ത് ബസില്‍ കയറി വീണ്ടും ഭര്‍ത്താവിനെ വെടിവെച്ചു. യാത്രക്കാര്‍ ചേര്‍ന്ന് ഇവരെ തടഞ്ഞ് പിടികൂടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്യുകയും ഭര്‍ത്താവിനെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. കാര്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. 

ഇരുവരും തമ്മില്‍ നേരത്തെ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും ഇപ്പോള്‍ മാറിത്താമസിക്കുകയാണെന്നും ബന്ധുക്കള്‍ പറഞ്ഞു. ഹംസ ബംഗളുരുവില്‍ ഒരു സെക്യൂരിറ്റി ഏജന്‍സി നടത്തുകയായിരുന്നു. ഇവിടത്തെ മുന്‍ ജീവനക്കാരനായിരുന്നു ഭര്‍ത്താവ് സായി റാം.