ബംഗളൂരു: ബംഗളൂരുവിലെ വിവാദമായ സ്റ്റീല്‍ ഫ്ലൈ ഓവര്‍ പദ്ധതി കര്‍ണാടക സര്‍ക്കാര്‍ ഉപേക്ഷിച്ചു. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കൊപ്പം കോണ്‍ഗ്രസ് എംഎല്‍എമാരും എതിര്‍പ്പുമായി രംഗത്തെത്തിയതോടെയാണ് പദ്ധതി വേണ്ടെന്ന് വക്കാനുളള സര്‍ക്കാര്‍ തീരുമാനം. 1791 കോടി രൂപ ചെലവ് പ്രതീക്ഷിച്ച പദ്ധതിക്കായി മുഖ്യമന്ത്രി സിദ്ധരാമയ്യ സ്വകാര്യകമ്പനിയില്‍ നിന്ന് 65 കോടി കമ്മീഷന്‍ കൈപ്പറ്റിയെന്ന് ബിജെപി ആരോപിച്ചിരുന്നു.

പദ്ധതിക്കായി ആയിരക്കണക്കിന് മരങ്ങള്‍ മുറിച്ചുനീക്കാനുളള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയും പ്രതിഷേധമുണ്ടായി. പദ്ധതിക്കെതിരായ പരാതി നിലവില്‍ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പരിഗണനയിലാണ്. കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിയുടെ പാര്‍ലിമെന്ററി സെക്രട്ടറി കെ ഗോവിന്ദരാജുവിന്റെ വസതിയില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത ഡയറിയിലാണ് സ്റ്റീല്‍ ഫ്ലൈ ഓവര്‍ പദ്ധതിക്കായി 65 കോടി രൂപ കമ്മീഷന്‍ പറ്റിയതായ വിവരം ഉണ്ടായിരുന്നത്.

സിദ്ധരാമയ്യയ്ക്ക് മാത്രമല്ല കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, ട്രഷറര്‍ മോട്ടിലാല്‍ വോറ എന്നിവര്‍ക്കും പണം കൈമാറിയതായി ഡയറിയില്‍ വിവരമുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ആരോപിച്ചിരുന്നു.