സർക്കാറും പ്രതിപക്ഷവും കൂടുതൽ വെട്ടിൽ പാർട്ടി യോഗം ചേരണമെന്ന് മുരളി കോഴയിൽ അനങ്ങാതെ സർക്കാർ ബിൽ അസാധു, പോംവഴിയില്ലാതെ സർക്കാർ
തിരുവനന്തപുരം:കണ്ണൂർ - കരുണ ബിൽ പാസ്സാക്കിയതിന് പിന്നിൽ വൻ അഴിമതിയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും കോൺഗ്രസ് നേതാവ് ബെന്നി ബെഹനാൻ. ബെന്നിയുടെ പ്രസ്താവനയോടെ ബില്ലിനെ പിന്തുണച്ച കോൺഗ്രസ് നേതൃത്വം കൂടുതൽ വെട്ടിലായി. കണ്ണൂർ കോളേജിൽ കോഴ കൊടുത്തുവെന്ന് രക്ഷിതാക്കൾ വെളിപ്പെടുത്തിയിട്ടും തുടർനടപടി എടുക്കാതെ സർക്കാർ ഒളിച്ചുകളിക്കുന്നു.
ബില്ലിൽ ഗവർണ്ണർ ഉടക്കിട്ടതോടെ സർക്കാറും പ്രതിപക്ഷവും കടുത്ത സമ്മർദ്ദത്തിലാണ്. പ്രതിപക്ഷ പിന്തുണയെ നേരത്തെ എതിർത്ത കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം ബെന്നി ബെഹനാൻ ഒരുപടി കടന്ന് ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുകയാണ്. ബിൽ പാസ്സാക്കുന്നതിന് പിന്നിൽ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നു. സർക്കാരിലെ ഉന്നതരുടെ അറിവോടെയുള്ള അഴിമതി അന്വേഷിക്കണം. ബില്ലിന് വേണ്ടി വീറോടെ വാദിച്ച പ്രതിപക്ഷനേതാവടക്കമുള്ള കോൺഗ്രസ് നേതാക്കളെയും സമ്മർദ്ദത്തിലാക്കുന്നു ബെന്നിയുടെ ആരോപണം.
സർക്കാർ അംഗീകരിച്ച് ഫീസ് 10 ലക്ഷമായിരിക്കെ 43 ലക്ഷം ഒരു രസീറ്റ് പോലും ഇല്ലാതെ കൊടുത്തുവെന്നാണ് കണ്ണൂർ കോളേജിലെ പിടിഎ പ്രസിഡണ്ടിന്‍റെ വെളിപ്പെടുത്തൽ. മെറിറ്റ് വിദ്യാർത്ഥികൾക്കാണ് ബില്ലെന്ന സർക്കാർ വാദം ഇതോടെ പൊളിഞ്ഞു. നിയമവിരുദ്ധഫീസിൽ സർക്കാർ ഒരു തുടർനടപടിയും പ്രഖ്യാപിച്ചില്ല. ഗവർണ്ണറിൽ നിന്നും കനത്ത അടി കിട്ടിയ സർക്കാറിന്റെ തുടർനടപടികളെല്ലാം മെല്ലെപ്പൊക്കിലാണ്.
