പുറത്തായ ടീമുകളില്‍ നിന്ന് റഷ്യന്‍ താരത്തിന് മാത്രം സ്ഥാനം

മോസ്കോ: ഫേവറിറ്റുകളായി ലോകകപ്പിനെത്തി സെമിയില്‍ പോലുമെത്താതെ നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ് ബ്രസീല്‍. ബെല്‍ജിയത്തിനോടേറ്റ തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് മഞ്ഞപ്പടയുടെ ആരാധകര്‍ ഇതുവരെ മുക്തരായിട്ടില്ല. ക്വാർട്ടർ പോരാട്ടങ്ങൾ അവസാനിച്ചതിന് പിന്നാലെ അവസാന എട്ടിലെ മികച്ച ഇലവനെ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രമുഖ ഫുട്ബോൾ വെബ്സൈറ്റായ ഗോൾ.

എന്നാല്‍, നെയ്മര്‍ അടക്കം കാനറി താരങ്ങള്‍ക്കാര്‍ക്കും ഇതില്‍ ഉള്‍പ്പെടാന്‍ ആയില്ല. ഇംഗ്ലണ്ടിന്‍റെയും ബെൽജിയത്തിന്‍റെയും ഫ്രാൻസിന്‍റെയും മൂന്ന് താരങ്ങൾ വീതം ടീമിലുണ്ട്. ഗോളിയാരെന്ന കാര്യത്തിൽ തർക്കമില്ല, പെനാൽറ്റി തടുത്ത സുബാസിച്ചുണ്ടെങ്കിലും ബ്രസീലിന് മടക്കടിക്കറ്റ് കൊടുത്ത ചുവന്ന ചെകുത്താന്മാരുടെ തിബോത്ത് കോട്ടുവാ തന്നെ വലകാക്കും.

ടീമിലെ മൂന്ന് ഡിഫൻഡര്‍മാരും തലകൊണ്ട് ഗോളടിച്ചവരാണ്. സ്വീഡനെതിരെ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ച മാഗ്യൂര്‍, ക്രൊയേഷ്യക്ക് ജീവൻ നീട്ടി നൽകിയ വിദ, മുസ്‍ലെരയെ വീഴ്ത്തിയ ഫ്രാൻസിന്‍റെ റാഫേൽ വരാനെ എന്നിവര്‍ പ്രതിരോധം തീര്‍ക്കും. ഇംഗ്ലണ്ടിന്‍റെ ട്രിപ്പിയറും ഹെൻഡേഴ്സണും ഒപ്പം ഫ്രഞ്ച് മുന്നേറ്റത്തിന്‍റെ കരുത്തായ കാന്‍റെയും റഷ്യയുടെ ഗോളടിയന്ത്രം ചെറിഷേവും അടങ്ങുന്ന മധ്യനിര സുശക്തമാണ്.

റൊമേലു ലുക്കാക്കുവിനും ഗ്രീസ്മാനും സ്ട്രൈക്കർ സ്ഥാനത്തേക്ക് വെല്ലുവിളിയില്ല. റോബർട്ടോ മാർട്ടിനസിന്‍റെ തന്ത്രങ്ങളിൽ മുന്നോട്ടുകയറി കളിച്ച് ബ്രസീലിന്‍റെ ഹൃദയം തകർത്ത കെവിൻ ഡി ബ്രൂയിനും ഇവർക്കൊപ്പം ചേരുന്നു. ക്വാർട്ടറിൽ തോറ്റ ടീമുകളിൽ നിന്ന് ചെറിഷേവ് മാത്രമാണ് ഗോളിന്‍റെ ഇലവനിൽ ഇടം കിട്ടിയ താരം.