കഴിഞ്ഞ ആറുമാസമായി ഈ കെട്ടിടത്തിലാണ് വില്‍പ്പനശാല പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ നാളിതുവരെ ഇരുവകുപ്പുകളും തമ്മില്‍ ധാരണാ പത്രം ഒപ്പുവച്ചിട്ടില്ല.

ഇടുക്കി: നാട്ടുകാരുടെ കടുത്ത പ്രതിഷേധങ്ങള്‍ക്കിടയില്‍ മൂന്നാര്‍ കോളനി റോഡില്‍ സ്ഥാപിച്ച സര്‍ക്കാര്‍ മദ്യവില്പന ശാലയ്ക്ക് പഞ്ചായത്തിന്റെ അനുമതിയില്ല. മുന്‍കൂര്‍ അഡ്വാന്‍സും മാസവാടകയും ബന്ധപ്പെട്ടവര്‍ വാങ്ങിയെങ്കിലും രേഖകളില്ല. മൂന്നാര്‍ കോളനി റോഡില്‍ കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പറേഷന്റെ മദ്യവില്‍പ്പന ശാലയാണ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്നുവെന്ന് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നത്.

വിവരാവകാശം നിയമ പ്രകാരം നല്‍കിയ അപേക്ഷയുടെ മറുപടിയിലാണ് ഉദ്യോഗസ്ഥരുടെ തുറന്ന് പറച്ചില്‍. കഴിഞ്ഞ ആറുമാസമായി ഈ കെട്ടിടത്തിലാണ് വില്‍പ്പനശാല പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ നാളിതുവരെ ഇരുവകുപ്പുകളും തമ്മില്‍ ധാരണാ പത്രം ഒപ്പുവച്ചിട്ടില്ല. ഇത്തരത്തില്‍ ധാരണാപത്രമില്ലാതെ എങ്ങനെ പഞ്ചായത്ത് സ്ഥാപനത്തിന് 2017 നവംബര്‍ മുതല്‍ ലൈസന്‍സ് നല്‍കിയെന്നും വ്യക്തമല്ല. സംഭവം വിവാദമായതോടെ ഏപ്രില്‍ ഒന്ന് മുതല്‍ ലൈസന്‍സ് പുതുക്കി നല്‍കിയിട്ടില്ല. ഇതോടെ വില്‍പ്പന ശാലയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം നിയമവിരുദ്ധമാണെന്ന് വ്യക്തം. 

കെട്ടിടത്തിന്റെ വാടക കൈമാറിയതിലും അവ്യക്തത തുടരുകയാണ്. കാല്‍ ലക്ഷത്തോളം രൂപയാണ് കെട്ടിട വാടകയായി കെ.എസ്.ഇ.ബി നിശ്ചയിച്ചിരിക്കുന്നത്. 54,000 രൂപ അഡ്വാന്‍സ് തുകയായി ബീവറേജസ് കോര്‍പ്പറേഷന്‍ നല്‍കുകയും ചെയ്തു. ധാരണാപത്രമാകാതെ എങ്ങനെ അഡ്വാന്‍സ് തുക നല്‍കിയെന്ന ചോദ്യത്തിന് കോര്‍പ്പറേഷനില ഉദ്യോഗസ്ഥര്‍ക്ക് മറുപടിയില്ല. വാടകയ്ക്ക് പുറമേ ലക്ഷങ്ങളുടെ അറ്റകുറ്റ പണികളും കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ നടത്തി കഴിഞ്ഞു. കെട്ടിടം തുറന്നുപ്രവര്‍ത്തിക്കുന്നത് തടസ്സം സ്യഷ്ടിച്ച പ്രദേശവാസികള്‍ക്കെതിരെ പോലീസ് കേസെടുത്തെങ്കിലും ഇടതുവലതുമുന്നണികള്‍ അനങ്ങാപാറ നയമാണ് സ്വീകരിച്ചത്. ജനവാസമേഖലയില്‍ നിന്നും മദ്യശാല മാറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും രാഷ്ട്രീയക്കാര്‍ ഒറ്റക്കെട്ടായി എതിര്‍ക്കുകയാണുണ്ടായത്.