ഇടുക്കി: പെരുവന്താനത്തെ കേരളാ ഹോട്ടലിലെത്തിയാല്‍ ഊണ് കഴിക്കുമ്പോള്‍ ഒന്ന് സൂക്ഷിക്കണം. ഒരോ വറ്റ് ചോറ് കളയുമ്പോളും അത് നിങ്ങളുടെ പോക്കറ്റ് കാലിയാകുമെന്ന കാര്യം മനസില്‍ ഉണ്ടാകണം.
കുട്ടിക്കാനം - മുണ്ടക്കയം റോഡിലെ കേരള റസ്റ്റോറന്‍റ് ഈ വഴി യാത്ര ചെയ്തവര്‍ക്ക് അപരിചിതമല്ല. പ്രത്യേകിച്ച് ഒരു തവണയെങ്കിലും കയറി ഭക്ഷണം കഴിച്ചവര്‍ക്ക്. സംഗതി മറ്റൊന്നുമല്ല. ആഹാരം ആവശ്യം പോലെ കഴിക്കാം. പക്ഷെ ചോറ് ഒരു വറ്റ് കളഞ്ഞാല്‍ പണിയാകും. ഒന്നല്ല രണ്ട് ഊണിന്‍റെ കാശ് വാങ്ങിയിട്ടേ ബെന്നിച്ചായന്‍ വിടൂ. എന്നാല്‍ പൊതുപ്രവര്‍ത്തകനായ ഇദ്ദേഹത്തിന്‍റെ പോളിസിയോട് യോജിക്കുന്നവരാണ് പതിവുകാര്‍
അന്നം ദൈവമാണെന്നും,പാഴാക്കുന്നത് പാപമാണെന്നും വിശ്വസിക്കുന്ന ബെന്നിക്ക് ഈ സമ്പ്രദായം ഏര്‍പ്പെടുത്തിയതില്‍ അല്‍പം പോലും ശങ്കയില്ല.എന്ന് കരുതി ഭക്ഷണത്തില്‍ പിശുക്കൊന്നും കാണിക്കാറില്ല ബെന്നിയുടെ കടയില്‍. ഭക്ഷണവും വിഭവസമൃദ്ധമാണ്. കൂട്ടാനുകളുകളൊക്കെ ആവശ്യം പോലെ ലഭിക്കും. പക്ഷെ കഴിക്കുമ്പോള്‍ കരുതല്‍ വേണമെന്ന് മാത്രം.
