Asianet News MalayalamAsianet News Malayalam

ഇന്ധനവില വര്‍ധനയ്ക്കെതിരായ ഭാരത് ബന്ദ് കേരളത്തില്‍ പൂര്‍ണം

ബിജെപി സര്‍ക്കാരിനെതിരായ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യവേദിയാക്കി ഭാരത് ബന്ദിനെ മാറ്റാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കോണ്‍ഗ്രസ് അത്രകണ്ട് ശക്തമല്ലാത്ത ഒഡീഷയിലടക്കം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ്- റെയില്‍ ഗതാഗതം തടഞ്ഞിരിക്കുകയാണ്. 

bharath bandh calleb by congress
Author
Delhi, First Published Sep 10, 2018, 9:28 AM IST

ദില്ലി: ഇന്ധനവില വര്‍ധനവിനെതിരെ ഇന്ന് കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക ബന്ദ്. ഭാരത് ബന്ദില്‍ ബിഎസ്പി ഒഴിച്ചുള്ള പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുക്കുന്നുണ്ട്. കൈലാസയാത്ര പൂര്‍ത്തിയാക്കി ദില്ലിയില്‍ തിരിച്ചെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിലെത്തി പ്രാര്‍ത്ഥിച്ചു. ഭാരത് ബന്ദിന്‍റെ ഭാഗമായി രാജ്യത്തെ പെട്രോള്‍ പന്പുകള്‍ കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പ്രതിഷേധ ധര്‍ണയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. 

ബിജെപി സര്‍ക്കാരിനെതിരായ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യവേദിയാക്കി ഭാരത് ബന്ദിനെ മാറ്റാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കോണ്‍ഗ്രസ് അത്രകണ്ട് ശക്തമല്ലാത്ത ഒഡീഷയിലടക്കം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ്- റെയില്‍ ഗതാഗതം തടഞ്ഞിരിക്കുകയാണ്. 

അതേസമയം മുംബൈ, ദില്ലി തുടങ്ങിയ മെട്രോ നഗരങ്ങളില്‍ ഭാരത് ബന്ദിലും ജനജീവിതം സാധാരണ നിലയില്‍ മുന്നോട്ട് പോകുകയാണ്. അതേസമയം ഭാരത് ബന്ദിനെ ശക്തമായി നേരിടും എന്ന് പ്രഖ്യാപിച്ചു കൊണ്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ നിരുപം റാവത്ത് ഇപ്പോള്‍ വീട്ടുതടങ്കലിലാണ്. ബന്ദിന്‍റെ പേരില്‍ അക്രമങ്ങള്‍ നടത്തിയാല്‍ കര്‍ശനനടപടിയുണ്ടാവും എന്നു കാണിച്ച് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയടക്കമുള്ള പാര്‍ട്ടികള്‍ക്ക് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.  അതേസമയം ഗണേശചതുര്‍ത്ഥി ആഘോഷങ്ങള്‍ മുന്‍നിര്‍ത്തി ഗോവയില്‍ ബന്ദുണ്ടാവില്ലെന്ന് അവിടുത്തെ കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്. 

രാജ്യത്തെ മറ്റു ഭാഗങ്ങളില്‍ രാവിലെ 9 മുതല്‍ 3 വരെയാണ് ഭാരത് ബന്ദ്. എന്നാല്‍ കേരളത്തില്‍ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ 12 മണിക്കൂര്‍ ഹര്‍ത്താലിനാണ് യുഡിഎഫും എല്‍ഡിഎഫും ആഹ്വാനം ചെയ്തിരിക്കുന്നത്. രാത്രിയാത്രകള്‍ പൂര്‍ത്തിയാക്കി പ്രധാന ബസുകളെല്ലാം രാവിലെ തന്നെ സര്‍വ്വീസ് അവസാനിപ്പിച്ചിരുന്നു. കെഎസ്ആര്‍ടിസി ബസുകള്‍ ഓടുന്നില്ല. അതേസമയം ഹര്‍ത്താല്‍ തുടങ്ങിയ ശേഷവും സ്റ്റേഷനുകളില്‍ എത്തുന്ന ട്രെയിന്‍ യാത്രക്കാര്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ ബുദ്ധിമുട്ടുന്നുണ്ട്. 

തിരുവനന്തപുരം തന്പാനൂര്‍, കോഴിക്കോട് പാളയം, വലിയങ്ങാടി, കൊച്ചി തുടങ്ങി സംസ്ഥാനത്തെ തിരക്കേറിയ സ്ഥലങ്ങളും വാണിജ്യകേന്ദ്രങ്ങളുമെല്ലാം ആളൊഴിഞ്ഞ നിലയിലാണ്. പ്രളയത്തിന് പിന്നാലെയുള്ള ഹര്‍ത്താലില്‍ പ്രതിഷേധം അറിയിച്ചിരുന്നുവെങ്കിലും സംസ്ഥാനത്തെ വ്യാപരികളെല്ലാം കടകള്‍ പൂട്ടിയിട്ടിരിക്കുകയാണ്.

പ്രളയത്തില്‍ നിന്നും ഇനിയും പൂര്‍ണമായി മുക്തമാവാത്ത കുട്ടനാട്, ആലപ്പുഴ, പത്തനംതിട്ട മേഖലകളിലെ ശുചീകരണ- ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പുനരധിവാസ പ്രവര്‍ത്തനങ്ങളും പാടെ നിലച്ചു. പ്രളയത്തില്‍ തകര്‍ന്ന വയനാട്, എറണാകുളം, ആലപ്പുഴ,പത്തനംതിട്ട ജില്ലകളിലും ഹര്‍ത്താല്‍ പൂര്‍ണമാണ്. 

Follow Us:
Download App:
  • android
  • ios