ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാല്‍സംഗ പരാതിയിൽ അന്വേഷണത്തിന് കേരള പൊലീസ് പഞ്ചാബ് പൊലീസിന്‍റെ സഹായം തേടി. ബിഷപ്പിനെ ചോദ്യം ചെയ്യാനായി ജലന്ധറിലേയ്ക്ക് ഉടൻ എത്തുമെന്ന് ജലന്ധര്‍ സിറ്റി പൊലീസ് കമ്മിഷണറെ അന്വേഷണ സംഘം അറിയിച്ചു. ബിഷപ്പിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് കാട്ടി കന്യാസ്ത്രീക്കും സഹോദരനുമെതിരെ നേരത്തെ നല്‍കിയ പരാതി കഴമ്പില്ലെന്ന് കണ്ട് ജലന്ധര്‍ പൊലീസ് തള്ളിയെന്നും വ്യക്തമായി.
ജലന്ധര്‍: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാല്‍സംഗ പരാതിയിൽ അന്വേഷണത്തിന് കേരള പൊലീസ് പഞ്ചാബ് പൊലീസിന്‍റെ സഹായം തേടി. ബിഷപ്പിനെ ചോദ്യം ചെയ്യാനായി ജലന്ധറിലേയ്ക്ക് ഉടൻ എത്തുമെന്ന് ജലന്ധര്‍ സിറ്റി പൊലീസ് കമ്മിഷണറെ അന്വേഷണ സംഘം അറിയിച്ചു. ബിഷപ്പിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് കാട്ടി കന്യാസ്ത്രീക്കും സഹോദരനുമെതിരെ നേരത്തെ നല്‍കിയ പരാതി കഴമ്പില്ലെന്ന് കണ്ട് ജലന്ധര്‍ പൊലീസ് തള്ളിയെന്നും വ്യക്തമായി.
ജലന്ധറിൽ ബന്ദ് ശക്തമാകാൻ ഇടയുള്ളതിനാൽ സുരക്ഷയൊരുക്കേണ്ടതുണ്ടെന്ന കാരണം പറഞ്ഞാണ് അന്വേഷണ സംഘത്തിന്‍റെ യാത്ര വ്യാഴാഴ്ചയ്ക്ക് ശേഷമാക്കാൻ ജലന്ധര്‍ സിറ്റി പൊലീസ് നിര്‍ദേശിച്ചത്. ബുധനാഴ്ച ജലന്ധറിലേയ്ക്ക് തിരിക്കാനായിരുന്നു അന്വേഷണ സംഘത്തിന്‍റെ ആലോചന. പഞ്ചാബ് പൊലീസ് നിര്‍ദേശം അന്വേഷണ സംഘം സ്വീകരിച്ചാൽ ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യുന്നത് വൈകും. കന്യാസ്ത്രിയുടെ പരാതിയിൽ കേരള പൊലീസ് കേസെടുക്കുന്നതിന് മുമ്പാണ് ബിഷപ്പിന് സുരക്ഷാ ഭീഷണിയുണ്ടെന്ന പരാതി രൂപത പ്രതിനിധി നല്‍കിയതെന്ന് ജലന്ധര്‍ പൊലീസ് അറിയിച്ചു .
കന്യാസ്ത്രീ പരാതി നല്‍കുന്നതിന് മുമ്പ് കോട്ടയം എസ്പിക്കും ബിഷപ്പ് പരാതി നല്‍കിയിരുന്നു. ബിഷപ്പിനെതിരെ പഞ്ചാബ് പൊലീസും കേസെടുക്കണമെന്ന് ദേശീയ വനിതാ കമ്മിഷൻ ശുപാര്‍ശ സ്വീകരിക്കേണ്ടതില്ലെന്ന് നിലപാടിലാണ് പഞ്ചാബ്. പരാതിക്ക് ആധാരമായ സംഭവങ്ങളെല്ലാം നടന്നത് കേരളത്തിലാണ്. പരാതി നല്‍കിയതും കേരള പൊലീസിനാണ്. ഒരേ കേസിൽ രണ്ടു അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നാണ് പഞ്ചാബ് പൊലീസ് നിലപാട്.
അന്വേഷണം നടക്കുന്നതിനിടെ പ്രതികരിക്കാനില്ലെന്നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ നിലപാട്. പരസ്യപ്രതികരണം നടത്തുന്നത് തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കും. അന്വേഷണ സംഘം ജലന്ധറിലേയ്ക്ക് വരുന്ന കാര്യം അറിയിച്ചിട്ടില്ലെന്നും ബിഷപ്പ് പറയുന്നു. ഉജ്ജയൻ ബിഷപ്പിന്‍റെ മൊഴിയെടുക്കാനായി അന്വേഷണ സംഘം മധ്യപ്രദേശിലെത്തി. ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ പരാതി അറിയിച്ചെന്നകാര്യം സ്ഥിരീകരിക്കാനാണിത്.
