മധ്യപ്രദേശ്: ഭോപാലില്‍ പത്തൊമ്പതുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അതിവേഗവിധിയുമായി ഫാസറ്റ്-ട്രാക്ക് കോടതി. കുറ്റം നടന്ന് 52 ദിവസത്തിനുള്ളിലാണ് കോടതി വിധി പ്രഖ്യാപനം നടത്തിയത്. ബിഹാരി ചധാര്‍ (25), ഘുണ്ടു (24), രാജേഷ് ഛേത്ര (26), രമേഷ് മെഹ്ര (45) എന്നിവര്‍ക്കാണ് ജഡ്ജി സവിതാ ദുബൈ ശിക്ഷവിധിച്ചത്. ബാക്കിയുള്ള ജീവിതകാലം അവര്‍ അഴികള്‍ക്കുപിന്നില്‍ ജീവിച്ചുതീര്‍ക്കുമെന്നാണ് വിധിപ്രസ്താവത്തില്‍ ജഡ്ജി പറഞ്ഞത്. 376 ഡി, 34, 394 ഐപിസി വകുപ്പുകളാണ് കുറ്റക്കാര്‍ക്കെതിരെ ചുമത്തിയിരുന്നത്.
കുറ്റക്കാരായി കണ്ടെത്തിയ നാലുപേര്‍ക്കും ജീവപര്യന്തം തടവാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധിച്ചത്. എണ്ണായിരം രൂപവീതം പിഴയും അടയ്ക്കണം. കഴിഞ്ഞ ഒക്ടോബര്‍ 31 ന് ഭോപാലിലെ ബീബ്ഗഞ്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള കോച്ചിങ് ക്ലാസില്‍ പങ്കെടുത്ത് വൈകീട്ട് വീട്ടിലേക്കു പോകും വഴിയാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. പോലീസ് സ്റ്റേഷനിലെത്തി അന്ന് തന്നെ പരാതി നല്‍കിയെങ്കിലും അവര്‍ നടപടിയെടുത്തില്ല. പരാതി പറയാന്‍ ചെന്ന തന്നോട് പോലീസ് ഇത് 'സിനിമാ കഥ' പോലെയുണ്ടെന്ന് പറഞ്ഞ് അപസഹിക്കുകയാണ് ചെയ്തതെന്ന് പിന്നീട് പെണ്‍കുട്ടി വെളിപ്പെടുത്തിയത് വിവാദമായിരുന്നു.
എന്നാല്‍, പോലീസ് ദമ്പതിമാരുടെ മകളായ പെണ്‍കുട്ടി മാതാപിതാക്കളോടൊപ്പം ചേര്‍ന്ന് രണ്ട് പ്രതികളെ പിടികൂടി പോലീസില്‍ എല്‍പ്പിക്കുകയായിരുന്നു. ഇതിന് ശേഷമാണ് പോലീസ് സ്‌പെഷ്യന്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിച്ച് അന്വേണം ആരംഭിച്ചത്. പരാതി സ്വീകരിക്കാന്‍ തയ്യാറാകാതെ പോലീസുദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.
കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട ദിവസംമുതല്‍ ഓരോ ദിവസവും കോടതി വാദം കേള്‍ക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവുണ്ടായിരുന്നു. സംഭവം നടന്ന് 16 ദിവസത്തിനു ശേഷം 200 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം 15 ദിവസത്തിനുള്ളിലാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്.
