ഭോപ്പാല്‍ ബര്‍ക്കത്തുള്ള സര്‍വ്വകലാശാലയിലാണ് അവസാന സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളുടെ പേപ്പറുകള്‍ക്ക് ആദ്യ വര്‍ഷ വിദ്യാര്‍ത്ഥികള്‍ മാര്‍ക്കിട്ടത്. സംഭവം വലിയ വിവാദമായതോടെ സര്‍വ്വകലാശാല അന്വേഷണത്തിന് ഉത്തരവിട്ടു.

സാഗര്‍: വിദ്യാര്‍ത്ഥികളുടെ ഉത്തര കടലാസ് നോക്കിയതുമായി ബന്ധപ്പെട്ട് ഭോപ്പാല്‍ ബര്‍ക്കത്തുള്ള സര്‍വ്വകലാശാലയില്‍ പുതിയ വിവാദം. ബിഎ ഹിന്ദി അവസാന സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളുടെ പേപ്പറുകള്‍ക്കാണ് ആദ്യ വര്‍ഷ വിദ്യാര്‍ത്ഥികള്‍ മാര്‍ക്കിട്ടത്. രണ്ട് വിദ്യാര്‍ത്ഥികള്‍ പേപ്പറുകള്‍ നോക്കുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഭോപ്പാല്‍ സര്‍വ്വകലാശാലയ്ക്ക് കീഴില്‍ സാഗറിലുള്ള കോളേജിലാണ് സംഭവം. 

സംഭവത്തില്‍ സര്‍വ്വകലാശാല അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിന് മൂന്നംഗ കമ്മറ്റിയെ നിയോഗിച്ചതായി ബര്‍ക്കത്തുള്ള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡിസി ഗുപ്‌ത അറിയിച്ചു. ഒരാഴ്ച്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരും. രണ്ട് വര്‍ഷത്തിനിടയിലെ നാലാമത്തെ പരീക്ഷാ കുംഭകോണമാണ് പുറത്തുവന്നത്. ഡെന്‍റല്‍ സര്‍ജറി പരീക്ഷയുടെ ഉത്തരകടലാസുകള്‍ ഹോസ്റ്റലില്‍ വെച്ച് നോക്കിയത് മുന്‍പ് വലിയ വിവാദമായിരുന്നു.