കേസട്ടിമറിക്കാന്‍ തുടക്കം മുതല്‍‍ നടന്ന ശ്രമങ്ങളാണ് കൊട്ടിയൂര്‍ പീഡനം പൊതുജനശ്രദ്ധപിടിച്ചു പറ്റാന്‍ കാരണം. പെണ്‍കുട്ടിയുടെ അച്ഛനെക്കൊണ്ട് പീഡനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുപ്പിക്കാനായിരുന്നു ആദ്യ നീക്കം. 

തലശ്ശേരി: കേസട്ടിമറിക്കാന്‍ തുടക്കം മുതല്‍‍ നടന്ന ശ്രമങ്ങളാണ് കൊട്ടിയൂര്‍ പീഡനം പൊതുജനശ്രദ്ധപിടിച്ചു പറ്റാന്‍ കാരണം. പെണ്‍കുട്ടിയുടെ അച്ഛനെക്കൊണ്ട് പീഡനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുപ്പിക്കാനായിരുന്നു ആദ്യ നീക്കം. പ്രതി റോബിന്‍ വടക്കഞ്ചേരിയുടെ സ്വാധീനശേഷിയും ആശങ്കയുയര്‍ത്തി.

കത്തോലിക്കാസഭയുടെ കേരളത്തിലെ സാമ്പത്തിക മാനേജ്മെന്റ് കൈയാളുന്നവരില്‍ പ്രബലനായിരുന്നു ഫാദര്‍ റോബിന്‍. സഭയുടെ കര്‍ഷകക്കൂട്ടായ്മയായി ഇന്‍ഫാമിന്റെ‍ ‍ഡയറക്ടര്‍. മാനന്തവാടി രൂപതയുടെ വിദ്യാഭ്യാസവിഭാഗം കോര്‍പ്പറേറ്റ് മാനേജര്‍. കല്‍പ്പറ്റ ഡി പോള്‍ പബ്ലിക്ക് സ്കൂള്‍ മാനേജര്‍‍. സഭയു‍ടെ പത്രമായി ദീപികയുടെ എം ഡി എന്നിങ്ങനെ സഭാനേതൃത്വത്തില്‍ സ്വാധീനമുള്ള പ്രമുഖന്‍. കാനഡയിലെക്ക് ജോലിക്കെന്ന് പറഞ്ഞ് യുവതികളെ കൊണ്ട് പോകുന്ന ഒരു ഏജന്‍സിയുമുണ്ടായിരുന്നു റോബിന്റെ നിയന്ത്രണത്തില്‍. അങ്ങിനെയിരിക്കെയാണ് കൊട്ടിയൂര്‍ ഇടവകയിലെ ഫൊറോന വികാരിയായത്.

കൊട്ടിയൂര്‍ കേസ് പുറത്തുവന്നതോടെ പെണ്‍കുട്ടിയുടെ പിതാവ് തന്നെയാണ് പിഡിപ്പിച്ചതെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം. ആദ്യഘട്ടത്തില്‍ കുടുംബം പോലും അങ്ങിനെയാണ് മൊഴി നല്‍കിയത്. പണവും വിദേശ ജോലിയും വാഗ്ദാനവും ചെയ്തു. ഒടുവില്‍ പോലിസും ചൈല്‍ഡ് ലൈനും നിലപാട് കര്‍ശനമാക്കിയപ്പോള്‍ നാടുവിടാനായിരുന്നു റോബിന്റെ ശ്രമം. ചാലക്കുടിയില്‍ വെച്ച് പോലിസ് പിടിയിലാകുമ്പോള്‍ റോബിന്‍ കാനഡയിലേക്കുള്ള യാത്ര ഏറെക്കുറെ ഉറപ്പിച്ചിരുന്നു.

ഒരിക്കല്‍ പോലും ജാമ്യം കിട്ടിയില്ല റോബിന്. എന്നിട്ടും ഇരയടക്കമുള്ള സാക്ഷികളെ കുറുമാറ്റിക്കാന്‍ ഇയാള്‍ക്കായി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരൊഴികെയുള്ള പ്രമുഖ സാക്ഷികളെ മുഴുവന്‍ കൂറുമാറ്റിക്കാന്‍ റോബിന് പുറത്ത് നിന്ന് പിന്തുണയും കിട്ടി. അവസാനം പിടിച്ചു നില്‍ക്കാന്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്ന വാദം നിരത്തി ഉഭയകക്ഷിസമ്മതപ്രകാരമുള്ള ബന്ധമാണുണ്ടായതെന്ന് പറയാതെ പറഞ്ഞ് ളോഹയ്ക്ക് ചേരാത്ത നിലപാടുമെടുത്തു റോബിന്‍.

എല്ലാ ചരടുവലികളെയും അതിജീവിച്ച് നിയമം കടമ പൂര്‍ത്തിയാക്കുമ്പോള്‍ കേരളത്തില്‍ വൈദികരുള്‍പ്പെട്ട കേസിലെ അപൂര്‍വ്വ വിധിയായി മാറുന്നു ഇത്. വൈദികരെ വഴിവിട്ട് ന്യായീകരിക്കുന്ന സഭയുടെ മുന്പില്‍ ഈ വിധി ചോദ്യചിഹ്നമായി നില്‍ക്കും. വിശ്വാസികള്‍ പഴയപടി കണ്ണടച്ചതെല്ലാം വിശ്വസിക്കാനും മടിച്ചു തുടങ്ങും.