മനിതി സംഘത്തെ സന്നിധാനത്തേക്ക് കൊണ്ടുപോകാനുള്ള പൊലീസ് ശ്രമം പരാജയപ്പെട്ടു. രാവിലെ മുതല്‍ കാനന പാതിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമായിരുന്നു പൊലീസ് മനിത സംഘത്തേയും കൊണ്ട് ശബരിമലയിലേക്ക് തിരിച്ചത്. 

പമ്പ: മനിതി സംഘത്തെ സന്നിധാനത്തേക്ക് കൊണ്ടുപോകാനുള്ള പൊലീസ് ശ്രമം പരാജയപ്പെട്ടു. രാവിലെ മുതല്‍ കാനന പാതിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമായിരുന്നു പൊലീസ് മനിത സംഘത്തേയും കൊണ്ട് ശബരിമലയിലേക്ക് തിരിച്ചത്. 

എന്നാല്‍ അമ്പത് മീറ്റര്‍ മുന്നോട്ട് പോകുന്നതിനിടയില്‍ പല തവണ പ്രതിഷേധക്കാര്‍ ഇവരെ തടയാന്‍ ശ്രമിച്ചു. നീലിമല കയറാന്‍ തുടങ്ങുന്നതിന് തൊട്ടുമ്പ് പ്രതിഷേധക്കാരുടെ വലിയ സംഘം കൂകിവിളിച്ചുകൊണ്ട് ഇവര്‍ക്കെതിരെ ഓടിയടുക്കുകയായിരുന്നു. പ്രതിഷേധക്കാരുടെ അപ്രതീക്ഷിതമായ നീക്കത്തില്‍ യുവതികള്‍ പിന്തിരിഞ്ഞോടി. വനിതാ പൊലീസ് ഉള്‍പ്പെടെയുള്ള അമ്പതോളം വരുന്ന പൊലീസ് സംഘത്തിന് പ്രതിഷേധക്കാരെ തടയാനായില്ല. എങ്കിലും സംഘര്‍ഷാവസ്ഥയില്‍ നിന്ന് യുവതികള്‍ക്ക് സംരക്ഷണമൊരുക്കാന്‍ പൊലീസ് ശ്രമിച്ചു. 

പമ്പ ഗണപതി ക്ഷേത്രത്തിന് സമീപത്ത് കൂടി പൊലീസ് സുരക്ഷിതരായി യുവതികളെ ഗാര്‍ഡ് റൂമില്‍ എത്തിച്ചു.ഇവിടെ നിന്ന കൂടുതല്‍ സുരക്ഷയോടെ പമ്പാനദിക്ക് അക്കരെയുള്ള പൊലീസ് സ്റ്റേഷനിലേക്ക് യുവതികളെ മാറ്റി. ഇവര്‍ ഇപ്പോള്‍ സ്റ്റേഷനില്‍ തുടരുകയാണ്. സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ മലചവിട്ടാനുള്ള തീരുമാനത്തില്‍ ഉറച്ചു തന്നെയാണോ യുവതികള്‍ എന്ന് ഉന്നത പൊലീസ് നേതൃത്വം മനിതി സംഘത്തോട് അന്വേഷിക്കും.

Read More:- ,പമ്പയിൽ പൊലീസ് നടപടി, നാമജപ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി

നാടകീയ രംഗങ്ങളാണ് പമ്പയില്‍ അരങ്ങേറിയത്. ശബരിമല ദർശനത്തിന് എത്തിയ യുവതികളെ തടഞ്ഞ നാമജപ പ്രതിഷേധക്കാരെ ആദ്യം തന്നെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ആറ് മണിക്കൂറോളം നീണ്ട നാമജപ പ്രതിഷേധത്തിന് ഒടുവിലാണ് പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. 

നിരവധി തവണ മെഗാ ഫോണിലൂടെ യുവതികളെ തടഞ്ഞ പ്രതിഷേധക്കാരോട് പിരിഞ്ഞുപോകണം എന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. നിരോധനാജ്ഞ ലംഘിക്കരുത് എന്ന നിർദ്ദേശം പ്രതിഷേധക്കാർ തുടർച്ചയായി അവഗണിച്ചതോടെയാണ് പൊലീസ് ബലം പ്രയോഗിച്ചത്. 

തുടർന്ന് കാനനപാതയ്ക്ക് സമീപത്തേക്ക് പൊലീസ് വാഹനം എത്തിച്ചു. വഴിയിൽ കിടന്ന് പ്രതിഷേധിച്ച പ്രതിഷേധക്കാരെ പമ്പ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹനത്തിലേക്ക് മാറ്റി. പൊലീസിന്‍റെ കമാൻഡോ വിഭാഗവും പൊലീസ് നടപടിയുടെ ഭാഗമായി. തുടർന്നായിരുന്നു മനിതി സംഘത്തിലെ യുവതികളുമായി പൊലീസ് കാനന പാതയിലൂടെ സന്നിധാനത്തേക്ക് പുറപ്പെട്ടത്.