തിരുവനന്തപുരം: ടിപി സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് പുനര്‍ നിയമിച്ചെങ്കിലും സുപ്രീം കോടതിയിലുള്ള കോടതി അലക്ഷ്യഹര്‍ജിയിലുള്ള നടപടികളാണ് സര്‍ക്കാരിന് ഇനിയുള്ള ഭീഷണി.പൊലീസ് മേധാവി സ്ഥാനത്ത് സെന്‍കുമാറിനെ നിയമിക്കാനുള്ള വിധി നടപ്പാക്കാത്തതിന് കടുത്ത വിമര്‍ശനമാണ് ഇന്നലെ സുപ്രീംകോടതിയില്‍ നിന്ന് സര്‍ക്കാരിന് കേള്‍ക്കേണ്ടിവന്നത്. ഒടുവില്‍ നിയമനം നടത്താന്‍ സര്‍ക്കാര്‍ തയ്യാറായെങ്കിലും ചീഫ് സെക്രട്ടറിക്കെതിരെയുള്ള കോടതി അലക്ഷ്യ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. സെന്‍കുമാര്‍ ഹര്‍ജി പിന്‍വലിച്ചില്ലെങ്കില്‍ വിധി നടപ്പാക്കാന്‍ കാലതാമസം വരുത്തിയതിനുള്ള നടപടികള്‍ സര്‍ക്കാര്‍ നേരിടേണ്ടിവരും. നഷ്‌ടപ്പെട്ട കാലാവധി തിരിച്ചുകിട്ടണമെന്ന ആവശ്യവും സെന്‍കുമാര്‍ ഉന്നയിക്കാന്‍ സാധ്യതയുണ്ട്.

ഹര്‍ജിയുമായി സെന്‍കുമാര്‍ മുന്നോട്ടുപോയാല്‍ വിധി നടപ്പാക്കാന്‍ 12 ദിവസത്തെ കാലതാമസം വരുത്തിയത് കോടതി അലക്ഷ്യമായി തന്നെ കോടതിക്ക് കണക്കാക്കാം. ചീഫ് സെക്രട്ടറി വിശദീകരണം നല്‍കേണ്ടിവരും. അതേസമയം ഹര്‍ജിയുമായി തല്‍ക്കാലം സെന്‍കുമാര്‍ മുന്നോട്ടുപോകാന്‍ സാധ്യതയില്ല എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ സെന്‍കുമാറിന് നഷ്‌ടപ്പെട്ട കാലാവധി ആവശ്യപ്പെടുന്ന കാര്യം പരിശോധിക്കും.

പൊലീസ് മേധാവി സ്ഥാനത്ത് നഷ്‌ടപ്പെട്ട കാലാവധി തിരിച്ചുകിട്ടണമെന്ന സെന്‍കുമാറിന്റെ ആവശ്യം പരിഗണിക്കാമെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യം അനുസരിച്ച് ജൂണ്‍ 30നാണ് സെന്‍കുമാര്‍ വിരമിക്കേണ്ടത്. കോടതി വിധി നടപ്പാക്കാത്തതുകൊണ്ട് നഷ്‌ടപ്പെട്ട 12 ദിവസത്തെ കാലാവധി കൂടി കിട്ടിയാല്‍ ജൂലായ് അവസാനം വരെ പൊലീസ് മേധാവി സ്ഥാനത്ത് തുടരാനാകും.