രണ്ടാമത്തെ കുഞ്ഞിനായി ഹാരിയും കാറ്റിയും കാത്തിരിക്കുമ്പോഴാണ്  ലോകകപ്പ് എത്തിയത്.

ലണ്ടന്‍: കാറ്റി ഗുഡ്‌ലാന്‍ഡിന്റെ പ്രസവവും ഇംഗ്ലണ്ടിന്റെ ലോകകപ്പ് മോഹവും തമ്മിലെന്ത് ബന്ധമെന്ന് ചോദിക്കരുത്. ഇപ്പോള്‍ ഇംഗ്ലണ്ടിലെ ചര്‍ച്ചാ വിഷയം ഇതാണ്. കാറ്റി മറ്റാരുമല്ല. ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹാരി കെയ്‌നിന്‍റെ കാമുകി.

രണ്ടാമത്തെ കുഞ്ഞിനായി ഹാരിയും കാറ്റിയും കാത്തിരിക്കുമ്പോഴാണ് ലോകകപ്പ് എത്തിയത്. ലക്ഷക്കണക്കിന് ആരാധകരുടെ പ്രതീക്ഷയുമായി ഹാരി കെയ്ന്‍ റഷ്യയിലെത്തി. കാറ്റി മൂത്ത മകള്‍ ഐവിയുമൊത്ത് ഇംഗ്ലണ്ടിലെ വീട്ടിലും. ഈ മാസം അവസാനമോ ജൂലൈ ആദ്യമോ രണ്ടാം കുഞ്ഞിന് കാറ്റി ജന്മം നല്‍കും.

വാര്‍ത്ത ഹാരി കെയ്‌നിന് സന്തോഷമെങ്കിലും ഇംഗ്ലീഷ് ആരാധകരുടെ ചങ്കിടിക്കുകയാണ്. നോക്കൗട്ട് ഘട്ടത്തില്‍ ടീമിനെ വിട്ട് ഹാരി കെയ്ന്‍ കുഞ്ഞിനെ കാണാന്‍ നാട്ടിലേക്ക് പോകുമെന്നാണ് സൂചന.

പ്രസവം അടുത്തതോടെ പ്രത്യേക വ്യായാമങ്ങളുമായി കഴിയുന്ന കാറ്റിയുടെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഈ ലോകകപ്പില്‍ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ഇപ്പോള്‍ മുന്നിലാണ് ഹാരി കെയ്ന്‍. നോക്കൗട്ട് റൗണ്ടില്‍ നായകന്‍ വിട്ടുനിന്നാല്‍ ഇംഗ്ലണ്ടിന്റെ സാധ്യതകള്‍ക്ക് തിരിച്ചടിയാകും. 1966ന് ശേഷം ലോകകിരീടം വെംബ്ലിയിലെത്തിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.