ശിശു സംരക്ഷണ കേന്ദ്രത്തിലെ പീഡനം: കാണാതായ മൂന്ന് കുട്ടികൾ മരിച്ചെന്ന് പൊലീസ്

മുസഫര്‍പൂര്‍: 29 പെണ്‍കുട്ടികൾ ബലാത്സംഗത്തിനിരയായ ബിഹാറിലെ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്ന് കാണാതായ മൂന്ന് കുട്ടികൾ മരിച്ചെന്ന് പൊലീസ്. രണ്ട് കുട്ടികൾ മൊഴി കൊടുക്കാൻ പൊലും കഴിയാത്ത വിധം അവശരാണ്. കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടിലാണ് പൊലീസ്.

മുസഫര്‍പൂരിലെ ശിശു കേന്ദ്രത്തിലെ പീഡനത്തെക്കുറിച്ചുള്ള പൊലീസ് അന്വേഷണത്തിൽ ഒരോ ദിവസവും വെളിവാകുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ബലാല്‍സംഗത്തെ എതിര്‍ത്ത ഒരു കുട്ടിയെ കൊന്ന് കുഴിച്ച് മൂടിയെന്നാണ് ഇരകള്‍ നല്‍കിയ മൊഴി. 

2013 ഡിസംബര്‍ മുതൽ നാലു പെണ്‍കുട്ടികളെയാണ് ശിശു കേന്ദ്രത്തിൽ നിന്ന് കാണാതായത്. മൂന്നു പേര്‍ മരിച്ചെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു.രണ്ടു പേര്‍ ആശുപത്രിയിലാണ് മരിച്ചത്. ശിശു കേന്ദ്രത്തിൽ കുട്ടികള്‍ ശാരീരിക പീഡനത്തിന് ഇരയായി. 

കുട്ടികളെ പൊള്ളിക്കുകയും മുറിവേല്‍പിക്കുകയും ചെയ്തു. ലഹരി മരുന്ന് കുത്തിവച്ചെന്നും വ്യക്തമായി. നാലാമത്തെ കുട്ടിയെ പൊലീസ് കണ്ടെത്തി. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാൽ സിബിഐ അന്വേഷണം നടത്താമെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ് ലോക്സഭയിൽ വ്യക്തമാക്കിയിരുന്നു.

ജെഡിയു ബിജെപി നേതാക്കൾക്ക് കേസിൽ പങ്കുള്ളത് കൊണ്ടാണ് സിബിഐ അന്വേഷണത്തിന് മടിക്കുന്നത് എന്ന് ആർജെഡി, സിപിഐ-എംഎൽ നേതാക്കൾ ആരോപിച്ചു. പ്രധാന പ്രതിയും ബ്രിജേഷ് താക്കൂറും ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി സുശീൽ മോദിയും തമ്മിൽ അടുപ്പമുണ്ടെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.