പട്‌ന: വനിതാ കോളജിൽ വിദ്യാർഥിനികൾക്ക്​ പാശ്​ചാത്യ വസ്​ത്രങ്ങൾ ധരിക്കുന്നതിന്​ വിലക്ക്​. പാറ്റ്​നയിലെ മഗദ്​ മഹിളാ കോളജ്​ ആണ്​ പെൺകുട്ടികൾ ജീൻസ്​, ജെഗിങ്​സ്​ പോലുള്ള വസ്​ത്രങ്ങൾ ധരിച്ച്​ കാമ്പസിൽ വരുന്നത്​ വിലക്കിയത്​. പാട്യാല വസ്​ത്രങ്ങൾ ധരിക്കുന്നതിനും പുതിയ ഡ്രസ്​കോഡ്​ പ്രകാരം വിലക്കുണ്ട്​.

ഇത്തരം വസ്​ത്രം ധരിക്കുന്നത്​ വിദ്യാർഥികളുടെ ശ്രദ്ധ വ്യതിചലിപ്പിക്കുന്നതും വിദ്യാഭ്യാസ സ്​ഥാപനത്തിൽ ഇത്തരം വസ്​ത്രങ്ങൾ അനുചിതമാണെന്നും കോളജ്​ അധികൃതരും പറയുന്നു. ഇത്​ ലംഘിക്കുന്നവർക്കെതിരെ ശിക്ഷാ നടപടികൾ ഉണ്ടാകുമെന്നും കോളജ്​ വ്യക്​തമാക്കി. ജീൻസ്, ജഗിങ്​സ്​​ പോലുള്ള വസ്​ത്രങ്ങൾ ധരിച്ചുവരാൻ കോളജ്​ കാമ്പസ്​ ഷോപ്പിങ്​ മാൾ അല്ലെന്ന്​ പുതുതായി ചുമതലയേറ്റ പ്രിൻസിപ്പൽ ഡോ. ശശി ശർമ പറഞ്ഞു.

കോളജിൽ വരു​മ്പോള്‍ ജീൻസ്​ ധരിക്കേണ്ട ആവശ്യമില്ല. ജീൻസ്​ ധരിക്കുന്നത്​ വ്യതിചലനമുണ്ടാക്കുമെന്നും പഠിക്കുകയാണെന്ന വികാരമുണ്ടാക്കില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു. പെൺകുട്ടികൾ മെയ്​ക്കപ്പും ലിപ്​സ്​റ്റിക്കും 45 വയസിന്​ ശേഷം ചെയ്​താൽ മതിയെന്ന അഭിപ്രായവും പ്രിൻസിപ്പലിനുണ്ട്​. പാറ്റ്​ന സർവകലാശാലക്ക്​ കീഴിലുള്ള പഴക്കമേറിയ വനിതാ കോളജ്​ ആണിത്​.

നേരത്തെയുണ്ടായിരുന്ന വിനതാ പ്രിൻസിപ്പൽ ഡോ. ആശാ സിങും ജീൻസും ലഗിങ്​സും കാമ്പസിൽ വിലക്കുകയും ദുപ്പട്ട സഹിതമുള്ളസൽവാർ കുർത്തി ധരിക്കാനും നിർദേശം നൽകിയിരുന്നു. ഇത്​ ലംഘിക്കുന്നവർക്ക്​ 1000 രൂപ പിഴയും ചുമത്തിയിരുന്നു.