Asianet News MalayalamAsianet News Malayalam

ബീഹാര്‍ പ്രളയത്തില്‍ മരണം 341; പ്രധാനമന്ത്രി 26ന് സന്ദര്‍ശനം നടത്തും

bihar flood toll rises to 341
Author
First Published Aug 23, 2017, 11:56 AM IST

പാറ്റ്ന: കനത്ത നാശം വിതച്ച പ്രളയത്തില്‍ ബീഹാറില്‍ മരിച്ചവരുടെ എണ്ണം 341 ആയി. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രളയമേഖലകളില്‍ 26ന് സന്ദര്‍ശനം നടത്തുമെന്ന് ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി അറിയിച്ചു. അതേസമയം ഉത്തര്‍പ്രദേശില്‍ മരണം 82 കടന്നു. എന്നാല്‍ 154 പേര്‍ക്ക് ജീവന്‍ നഷ്ടമായ ആസാമില്‍ പ്രളയത്തിന് ശമനം വന്നിട്ടുണ്ട്. 

ബീഹാറിലെ 18 ജില്ലകളിലെ 1.38കോടി ജനങ്ങളെയാണ് പ്രളയം നേരിട്ടു ബാധിച്ചത്. 7.61 ലക്ഷം ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. 2.29 ലക്ഷം ആളുകളാണ് 1085 ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. 75 പേര്‍ മരിച്ച അരാരിയ ജില്ലയിലാണ് പ്രളയം കൂടുതല്‍ നാശം വിതച്ചത്. മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. 

പ്രളയ മേഖലകളില്‍ 1608 കമ്മ്യൂണിറ്റി അടുക്കളകളിലൂടെ 4.52 ലക്ഷം പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ജെഡിയു നേതാവും മുന്‍ മന്ത്രിയുമായ രഞ്ചു ദീത ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്കി. ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്കുമെന്ന് ബിജെപി എംഎല്‍എമാരും അറിയിച്ചിട്ടുണ്ട്. ബീഹാറില്‍ സംസ്ഥാനപാതകളടക്കം 203 റോഡുകള്‍ കനത്ത മഴയില്‍ തകര്‍ന്നു. 

ഉത്തര്‍പ്രദേശില്‍ 25 ജില്ലകളിലെ 22 ലക്ഷം പേര്‍ പ്രളയ ബാധിതരാണ്. ദുരന്ത നിവാരണസേനയുടെ 26 യൂണിറ്റുകള്‍ യുപിയില്‍ പ്രവര്‍ത്തന നടത്തിവരുന്നു. എന്നാല്‍ 4.29 ആളുകള്‍ക്ക് വീടുകളിലേക്ക് മടങ്ങിപ്പോകാന്‍ കഴിഞ്ഞതായി ആസാം ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മണ്ണിച്ചിലും അപ്രതീക്ഷിത വെള്ളപ്പാച്ചിലിലും മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ 65 പേര്‍ക്കും ജീവന്‍ നഷ്ടമായി. 

Follow Us:
Download App:
  • android
  • ios