വധുവിന്‍റെ കസിനാണ് വെടിവെച്ചതെന്നാണ് മാന്‍ജിയുടെ കുടുംബം ആരോപിക്കുന്നത്

പാറ്റ്ന:ഒബിസിക്കാരനായ യുവാവിന്‍റെ വിവാഹറാലിക്കിടെ നൃത്തം ചവിട്ടിയതിന് മഹാദലിത് വിഭാഗത്തില്‍പ്പെട്ട യുവാവിനെ വെടിവെച്ച് കൊന്നു. ബീഹാറിലെ മുസാഫര്‍പുര്‍ ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. മുഷാര്‍ കമ്മ്യൂണിറ്റിയില്‍ ഉള്‍പ്പെട്ട നവീന്‍ മാന്‍ജി നൃത്തം ചവിട്ടയതിനെ തടസപ്പെടുത്താന്‍ വരന്‍റെ ബന്ധുക്കള്‍ ശ്രമിച്ചിരുന്നു.

വരനും കൂട്ടരും താമസിക്കുമെന്ന് സൂചിപ്പിച്ചിട്ടും മാന്‍ജി നൃത്തം തുടരുകയായിരുന്നെന്നും ആള്‍ക്കൂട്ടത്തിലൊരാള്‍ മാന്‍ജിക്ക് നേരെ വെടിയുതിര്‍ത്തെന്നുമാണ് പൊലീസ് ഓഫീസര്‍ പറയുന്നത്. ആള്‍ക്കൂട്ടത്തില്‍ നിന്നാരോ വെടിയുതിര്‍ത്തെന്ന വിവാഹത്തിനെത്തിയ ആള്‍ക്കാരുടെ വാദങ്ങളെ തള്ളി, വധുവിന്‍റെ കസിനാണ് വെടിവെച്ചതെന്നാണ് മാന്‍ജിയുടെ കുടുംബം ആരോപിക്കുന്നത്. സംഭവസ്ഥലത്ത് വച്ചുതന്നെ യുവാവ് മരണപ്പെട്ടു.

ഗ്രാമവാസികള്‍ വിവാഹത്തിനെത്തിയവരെ കൊള്ളയടിച്ചെന്ന് കാണിച്ച് വരന്‍റെ ബന്ധുക്കളും പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. യുവാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഗ്രാമവാസികള്‍ വിവാഹത്തിനെത്തിയവരുടെ എട്ട് മോട്ടോര്‍സൈക്കിളും എട്ട് വാഹനങ്ങളും തീവെച്ച് നശിപ്പിച്ചു. പണവും അഭരണങ്ങളും മൊബൈല്‍ ഫോണും മോഷ്ടിക്കുകയും ചെയ്തു.