പാറ്റ്‌ന: ബീഹാറില്‍ വരനെ തട്ടിക്കൊണ്ട് പോയി ബലംപ്രയോഗിച്ച് തോക്കിന്‍മുനയില്‍ നിര്‍ത്തി വിവാഹം കഴിപ്പിച്ചു. ജാര്‍ഖണ്ഡ് സ്വദേശിയായ സ്റ്റീല്‍ പ്ലാന്റിലെ ജൂനിയര്‍ മാനേജര്‍ വിനോദ് കുമാറിനെ ( 29) ആണ് തട്ടിക്കൊണ്ട് പോയി അജ്ഞാതയായ ഒരു പെണ്‍കുട്ടിയുമായി വിവാഹം നടത്തിച്ചത്.
പട്‌നയിലെ പാണ്ഡരാക് പ്രദേശത്താണ് ഈ വിവാഹം നടന്നത്. സുഹൃത്തുക്കള്‍ ക്ഷണിച്ചതനുസരിച്ച് അവരെ കാണാനെത്തിയ വിനോദിനെ രണ്ടുപേര്‍ തോക്കു ചൂണ്ടി തട്ടിക്കൊണ്ടുപോയി. പിന്നീട് വിവാഹ മണ്ഡപത്തിലെത്തിച്ച് സമീപമിരുന്ന യുവതിയെ വിവാഹം കഴിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അവിടെനിന്നു രക്ഷപെടാന്‍ വഴിയില്ലെന്നു മനസിലാക്കിയ വിനോദ് ജീവന്‍ ഭയന്ന് യുവതിയെ താലി ചാര്‍ത്തുകയായിരുന്നു.
വിവാഹചടങ്ങുകള്‍ നടക്കുമ്പോള്‍ കരഞ്ഞുകൊണ്ട് സഹായത്തിന് കേഴുന്ന വരനെയും വീഡിയോയില്‍ കാണാം. താലി ചാര്‍ത്താന്‍ വിമുഖ കാട്ടുന്ന ഘട്ടത്തില്‍ ഇയാളെ മര്‍ദിക്കുന്നുമുണ്ട് വീഡിയോയില്‍ കാണാം. 'നിങ്ങളെ തൂക്കികൊല്ലുകയല്ലല്ലോ, നിങ്ങളുടെ വിവാഹം ആശിര്‍വദിക്കുകയല്ലേ, എന്തിനാണ് ആശങ്കപ്പെടുന്നത്‌വധുവിന്റെ ബന്ധുക്കള്‍ ഈ സമയം ഇങ്ങനെ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. കഴിഞ്ഞ മാസം വിനോദ് സാധാരണ എത്താറുള്ളതുപോലെ വീട്ടില്‍ എത്തിയില്ല. തുടര്‍ന്ന് സഹോദരന്‍ സഞ്ജയ് കുമാര്‍ പൊലീസില്‍ പരാതി നല്‍കി. സഹോദരന്റെ വിവാഹത്തെ കുറിച്ച് ഒരു അജ്ഞാത സന്ദേശം വന്നകാര്യവും ഇയാള്‍ പോലീസിനെ അറിയിച്ചിരുന്നു.
ഹാട്ടിയ-പട്‌ന ട്രെയിനില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി ഡിസംബര്‍ മൂന്നിന് സഹോദരന്‍ പട്‌നയിലേക്ക് പുറപ്പെട്ടതാണ്. അവിടെ വച്ച് പെണ്‍കുട്ടിയുടെ സഹോദരന്‍ മൊക്കാമയിലേക്ക് കൂട്ടിക്കൊണ്ട് പോയി ബലംപ്രയോഗിച്ച് വിവാഹം കഴിപ്പിച്ചു എന്നാണ് സഹോദരന്‍ പറയുന്നത്. പൊലീസ് പക്ഷേ ഈ ആരോപണം തള്ളുകയാണ്

