ടോര്‍ച്ചിന്‍റെ വെളിച്ചത്തില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീ മരിച്ചു ബീഹാറിലെ സഹരാസയിലുള്ള സദർ ആശുപത്രിയിലായിരുന്നു സംഭവം

പാറ്റ്ന: വൈദ്യുതി ബന്ധം നിലച്ചതിനെ തുടര്‍ന്ന് ടോര്‍ച്ചിന്‍റെ വെളിച്ചത്തില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീ മരിച്ചു. ബീഹാറിലെ സഹരാസയിലുള്ള സദർ ആശുപത്രിയിലായിരുന്നു സംഭവം. മാര്‍ച്ച് 19 ന് ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി ബുധനാഴ്ച രാത്രിയാണ് മരണപ്പെട്ടത്. 

ഓപ്പറേഷന്‍ ടേബിളില്‍ യുവതി കിടക്കുന്നതും ടോര്‍ച്ച് ലൈറ്റിന്‍റെയും മൊബൈല്‍ ഫോണിന്‍റെയും വെളിച്ചത്തില്‍ യുവതിയുടെ വലതുകൈയില്‍ ശസ്ത്രക്രിയ നടത്തുന്നതുന്നതിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍, യുവതിക്ക് നല്‍കിയ ചികിത്സയില്‍ തങ്ങള്‍ തൃപ്തരായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. അതുകൊണ്ട് തന്നെ യുവതിയെ പിന്നീട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

രോഗിയുടെ നില ഗുരുതരമല്ലെന്നും രണ്ട് ദിവസം കൂടി കാത്തുനില്‍ക്കണം എന്നുമായിരുന്നു ആശുപത്രി അധികൃതര്‍ ആദ്യം പറഞ്ഞത്. പിന്നെ പെട്ടെന്നായിരുന്നു പാറ്റ്‌നയിലെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് അറിയിച്ചത്. എല്ലുപൊട്ടിയിട്ടുണ്ടെന്നും ആന്തരിക മുറിവ് ഉണ്ടെന്നുമായിരുന്നു വിശദീകരണം. അങ്ങനെയാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു.

റോഡപകടത്തിൽ പരിക്കേറ്റതിനെ തുടര്‍ന്നാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രി അധികൃതര്‍ ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. അതേസമയം, യുവതി മരിച്ച സംഭവത്തില്‍ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. 

Scroll to load tweet…