തിരുവനന്തപുരം: ബാര്‍ വിഷയത്തിൽ പുതിയ വെളിപ്പെടുത്തലുമായി ബിജു രമേശ്. ഇടതു മുന്നണി അധികാരത്തിലെത്തിയാൽ എല്ലാ ബാറുകളും തുറക്കാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉറപ്പു നല്‍കിയിരുന്നുവെന്നാണ് ബിജു രമേശിന്‍റെ വെളിപ്പെടുത്തൽ . ഭൂരിഭാഗം ബാറുടമകളെയും വഞ്ചിച്ച സി.പി.എം മാണിക്കെതിരായ ബാര്‍ കോഴക്കേസ് അട്ടിമറിക്കുകയാണെന്നും ബിജു രമേശ് ആരോപിച്ചു.

കെ.എം മാണിയും സി.പി.എമ്മും തമ്മിൽ കൈകോര്‍ക്കാൻ നീക്കം നടത്തുമ്പോഴാണ് ബാര്‍ വിഷയത്തിൽ ബിജു രമേശിന്‍റെ പുതിയ വെളിപ്പെടുത്തൽ. പൂട്ടിയ ബാറുകള്‍ തുറക്കാൻ മാണി കോഴ വാങ്ങിയെന്ന ബിജു രമേശിന്‍റെ വെളിപ്പെടുത്തലും ബാര്‍ കോഴക്കേസും ഇടതു മുന്നണി നിയമസഭാ തെരഞ്ഞെടുപ്പിൽ ആയുധമാക്കിയിരുന്നു.

അന്ന് നടത്തിയ ചര്‍ച്ചയിൽ ബാറുകളെല്ലാം തുറക്കാമെന്ന് കോടിയേരി ഉറപ്പു നല്‍കിയെന്നാണ് ബിജു രമേശിന്‍റെ വെളിപ്പെടുത്തൽ. ബാര്‍ കോഴക്കേസിൽ മൊഴി നല്‍കാൻ തയ്യാറായ ബാറുടമകളിൽ നിന്ന് വിജിലന്‍സ് മൊഴിയെടുക്കുന്നില്ലെന്നും ബിജു രമേശ് ആരോപിക്കുന്നു. 26 യുഡിഎഫ് എംഎൽഎമാരുടെ അനധികൃത സ്വത്തു സമ്പാദത്തിൻറെ വിവരങ്ങള്‍ കൈവശമുണ്ടെന്നും ബിജുരമേശ് അവകാശപ്പെട്ടു .