മഴയത്ത് ബൈക്ക് തെന്നി വീണു ബൈക്കില്‍ വാന്‍ ഇടിച്ച് രണ്ട് മരണം

കാസർകോട്: മഴയിൽ നിയന്ത്രണം വിട്ടുമറിഞ്ഞ ബൈക്കിൽ പിക്കപ്പ് വാൻ ഇടിച്ചുകയറി റിട്ടയർഡ് എസ്.ഐ.യും എഞ്ചിനിയറിംഗ് വിദ്യാർത്ഥിയായ മകനും മരിച്ചു. കരിവെള്ളൂര്‍ കട്ടച്ചേരിയിലെ റിട്ട. എസ്‌.ഐ. എം .രവീന്ദ്രന്‍ (58), മകന്‍ അര്‍ജുന്‍ ആര്‍ നമ്പ്യാര്‍ (21) എന്നിവരാണ് മരിച്ചത്. ദേശീയപാതയിൽ പയ്യന്നൂരിനടുത്ത്‌ ശനിയാഴ്ച സന്ധ്യയോടെയാണ്‌ അപകടം.

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രവീന്ദ്രനും മകന്‍ അര്‍ജ്ജുനനും ചാറ്റല്‍മഴയില്‍ റോഡിലേക്ക് തെന്നി വീഴുകയായിരുന്നു. ബൈക്ക് റോഡിലേക്ക് മറിഞ്ഞതിന് പിന്നാലെ പിക്കപ്പ് വാന്‍ വന്നിടിക്കുകയായിരുന്നു. രവീന്ദ്രന്റെ തലയിലൂടെ പിക്കപ്പ് വാൻ കയറിയിറങ്ങി. രവീന്ദ്രന്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. റോഡിലേക്ക് തലയിടിച്ച് വീണ അര്‍ജുനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചെമ്പേരി വിമല്‍ എഞ്ചിനിയറിംഗ് കോളജിലെ വിദ്യാര്‍ത്ഥിയാണ് മരിച്ച അര്‍ജുന്‍. ആശയാണ് രവീന്ദ്രന്റെ ഭാര്യ. മകള്‍ അനുശ്രീ. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.