കൊട്ടാരക്കര: മൈലത്ത് വാഹനമിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ബൈക്ക് യാത്രക്കാരായ യുവാക്കളെ അഞ്ജാത വാഹനം ഇടിച്ച് തെറിപ്പിച്ച് പോകുകയായിരുന്നു. ബൈക്ക് യാത്രക്കാരയാ കൊട്ടാരക്കര നീലേശ്വരം സ്വദേശി പാലവിള തെക്കേതിൽ സുമിത് ക്രിസ്റ്റിയും പുലമൺ സ്വദേശി നീലം വിള അരുൺരാജുമാണ് മരണപ്പെട്ടത്. കൊട്ടാരക്കര മൈലം എംജിഎം സ്കൂളിന് മുമ്പിൽ ഇന്നലെ രാത്രിയാണ് വാഹനാപകടമുണ്ടായത്. അപകടത്തിന് ശേഷം നിർത്താതെ കടന്നുകളഞ്ഞ വാഹനത്തിനായി പൊലീസ് അന്വേഷണം ശക്തമാക്കി.
കൊച്ചിയിൽ നിന്നും വരികയായിരുന്ന ബൈക്കിൽ അഞ്ജാത വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നു. സമീപവാസിയായ യുവാവാണ് പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഇവരെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സുമിത് ക്രിസ്റ്റി രാത്രി ഒരുമണിയോടെയും അരുൺ രാജ് നാലുമണിയ്ക്കും മരിച്ചു. സംഭവത്തെക്കുറിച്ച് കൊട്ടാരക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പത്തനംതിട്ടയിൽ നിന്നും സയിന്റിഫിക് വിദഗ്ദർ അപകടസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
