കൊല്ലം: സൂപ്പര്‍ ബൈക്കുകള്‍ മോഷ്‌ടിച്ച് ഓണ്‍ലൈനില്‍ വില്‍ക്കുന്ന സംഘത്തിലെ രണ്ട് പേര്‍ കൊല്ലത്ത് പിടിയില്‍. കര്‍ണ്ണല്‍ രാജ്(18), അംജത്ത്(20) എന്നിവരാണ് പിടിയിലായത്. മോഷ്‌ടിക്കുന്ന ബൈക്കുകള്‍ രൂപ മാറ്റം വരുത്തിയാണ് പ്രതികള്‍ വില്‍പ്പന നടത്തുന്നത്.

വിവാഹം നടക്കുന്ന ഓഡിറ്റോറിയങ്ങള്‍, എഞ്ചിനീയറിംഗ് കോളേജിന്റെ പരിസരങ്ങള്‍ ഇവിടെയൊക്കെയാണ് പ്രതികള്‍ മോഷണത്തിനായി തെരഞ്ഞെടുത്തിരുന്നത്. സെല്‍ഫ് സ്റ്റാര്‍ട്ടുള്ള വണ്ടികളാണ് മോഷ്‌ടിക്കുക.നാനോ കാറിലെത്തുന്ന ഇരുവരും സെല്‍ഫ് സ്റ്റാര്‍ട്ടിന്റെ മുകളിലുള്ള വയര്‍ മുറിച്ച ശേഷമാണ് സ്റ്റാര്‍ട്ടാക്കി പോകുന്നത്. ബുള്ളറ്റുകളാണ് കൂടുതലും മോഷ്‌ടിക്കുക.

പിന്നീട് വാഹനങ്ങളുടെ എഞ്ചിന്‍, ഷാസി നമ്പറുകള്‍ എന്നിവയില്‍ വ്യത്യാസം വരുത്തും. ആര്‍സി ബുക്കുകളും അനുബന്ധ രേഖകളും വ്യാജമായി ഉണ്ടാക്കും. തുടര്‍ന്ന് ഓണ്‍ലൈന്‍ സൈറ്റുകളില്‍ വില്‍പ്പനയ്‌ക്ക് വയ്‌ക്കും.രണ്ടരലക്ഷത്തിന്റെ ബൈക്കുകള്‍ വെറും നാല്‍പ്പതിനായിരം രൂപയ്‌ക്കാണ് വില്‍ക്കുന്നത്. തമിഴ്നാട്, പഞ്ചാബ്, കര്‍ണ്ണാടക തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് മോഷണ വണ്ടികള്‍ കൊണ്ട് പോകുന്നത്.

ബൈക്കുകള്‍ മോഷണം പോകുന്നെന്ന നിരവധി പരാതികളുടെ അടിസ്ഥാനത്തില്‍ കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ അജീതാ ബീഗത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സ്ക്വാഡാണ് പ്രതികളെ കുടുക്കിയത്.സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ഫോണ്‍ രേഖകളും പരിശോധിച്ചാണ് മോഷണസംഘത്തെ പിടികൂടിയത്.