ദില്ലി: സമൂഹം ശ്രദ്ധിക്കാതെ പോവുന്ന ജീവിതങ്ങള്‍ക്കും തൊഴിലുകള്‍ക്കും തൊഴിലാളികള്‍ക്കുമായി തൊഴില്‍ മന്ത്രാലയം ബില്ല് തയ്യാറാക്കുന്നു. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് നീതിപൂര്‍വ്വമായ വേതനം ഉറപ്പാക്കുകയാണ് ബില്ലിന്‍റെ പ്രധാന പരിഗണനാ വിഷയം. 

35 തരം തൊഴിലുകളാണ് ഗാര്‍ഹിക തൊഴിലുകളായി സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഗാര്‍ഡനിങ്, കുട്ടികളെ നോക്കുക, പാചക തൊഴിലാളികള്‍ തുടങ്ങിയവയാണ് ഗാര്‍ഹിക തൊഴിലുകളുടെ പരിധിയില്‍ വരുന്നത്. ഇന്‍റർനാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍റെ (ഐഎല്‍ഒ) കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 60 ലക്ഷം ഗാര്‍ഹിക തൊഴിലാളികളുണ്ട്. 

രാജ്യത്തെ ഗാര്‍ഹിക തൊഴിലാളികളില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. ഇനിമുതല്‍ ഗാര്‍ഹിക തൊഴിലാളികള്‍ പണിയെടുക്കുന്ന സ്ഥാപന ഉടമ നിലവില്‍ വരാന്‍ പോകുന്ന കേന്ദ്ര ബോര്‍ഡ്  ട്രസ്റ്റില്‍ രജിസ്റ്റര്‍ ചെയ്യണം. കേന്ദ്ര ബോര്‍ഡിന്‍റെ നിയന്ത്രണം കേന്ദ്ര തൊഴില്‍ മന്ത്രാലയം നേരിട്ടായിരിക്കും കൈകാര്യം ചെയ്യുക. തൊഴിലാളികളും തൊഴിലുടമയെ പോലെ രജിസ്ട്രേഷന്‍ എടുക്കണം തുടങ്ങി ശക്തമായ പല നിബന്ധനകളും ബില്ലില്‍ ഉണ്ട്. തുല്യ ജോലിക്ക് തുല്യ വേതനമെന്നതാവും ബില്ലിലെ മറ്റൊരു പ്രധാന പരാമര്‍ശമെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ട് ചെയ്യുന്നത്.