സൗദിയില്‍ ബിനാമി സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി. കഴിഞ്ഞ വര്‍ഷം നാനൂറ്റിയമ്പത് ബിനാമി സ്ഥാപനങ്ങള്‍ പിടിയിലായി. കുറ്റക്കാര്‍ക്ക് തടവും പിഴയും നാടു കടത്തലും ശിക്ഷ ലഭിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ബിനാമി ബിസിനസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സൗദിയില്‍ 764 വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടന്നു. ഇതില്‍ 450 സ്ഥാപനങ്ങള്‍ ബിനാമി സ്ഥാപനങ്ങള്‍ ആണെന്ന് വാണിജ്യ നിക്ഷേപ മന്ത്രാലയം കണ്ടെത്തി. ചില്ലറ വില്‍പ്പന രംഗത്തും കരാര്‍ മേഖലയിലുമാണ് ബിനാമി സ്ഥാപനങ്ങല്‍ കൂടുതലും. ഇവര്‍ക്കെതിരെയുള്ള കേസ് ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. റിയാദില്‍ 132ഉം മക്ക പ്രവിശ്യയില്‍ 69ഉം കിഴക്കന്‍ പ്രവിശ്യയില്‍ 95ഉം അല്‍ഖസീമില്‍ 45ഉം മദീനയില്‍ 44ഉം സ്ഥാപനങ്ങള്‍ പിടിയിലായി. ബിനാമി സ്ഥാപനങ്ങളെ കുറിച്ച വിവരം നല്‍കുന്നവര്‍ക്കു പാരിതോഷികം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. നിയമലംഘകരില്‍ നിന്ന് ഈടാക്കുന്ന പിഴ സംഖ്യയുടെ മുപ്പത് ശതമാനം വരെ പാരിതോഷികം നല്‍കും. ബിനാമി ബിസിനസ് നടത്തുന്നവര്‍ക്കു പത്തു ലക്ഷം റിയാല്‍ വരെ പിഴയും രണ്ടു വര്‍ഷം വരെ തടവും ശിക്ഷ ലഭിക്കും. കുറ്റക്കാരായ വിദേശികളെ ശിക്ഷാ നടപടികള്‍ക്കു ശേഷം നാടു കടത്തും. കൂടാതെ ഇവരുടെ പേരു വിവരങ്ങള്‍ സ്വന്തം ചെലവില്‍ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുകയും ചെയ്യും. പിടിക്കപ്പെടുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും. ബിനാമി ബിസിനസിനു കൂട്ടുനില്‍ക്കുന്ന സ്വദേശികള്‍ക്ക് അതേ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനു അഞ്ച് വര്‍ഷത്തേയ്‍ക്കു വിലക്കേര്‍പ്പെടുത്തുകയും ചെയ്യും.