10 വര്‍ഷമായി തൊഴിലില്ലാത്ത ഒരു ബിരുദധാരി പശുവിനെ വളര്‍ത്തുകയാണെങ്കില്‍ ഇപ്പോള്‍ ബാങ്കില്‍ 10 ലക്ഷം രൂപ ഉണ്ടായേനെയെന്നും മന്ത്രി പറഞ്ഞിരുന്നു. 

അഗര്‍ത്തല: പോഷകാഹാരകുറവ് പരിഹരിക്കന്നതിനും തൊഴിലില്ലായ്മ കുറയ്ക്കുന്നതിനും 5000 കുടുംബങ്ങള്‍ക്ക് പശുക്കളെ വിതരണം ചെയ്യുമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ്. ഒരു ബിസിനസ് ആരംഭിക്കുമ്പോള്‍ 2000 ആളുകള്‍ക്ക് തൊഴില്‍ കൊടുക്കാന്‍ 10,000 കോടി മുതല്‍മൊടക്കേണ്ടി വരും ‍. എന്നാല്‍ 5000 കുടുംബങ്ങള്‍ക്ക് 10,000 പശുക്കളെ നല്‍കിയാല്‍ ആറുമാസത്തിനുള്ളില്‍ ആളുകള്‍ക്ക് വരുമാനം ലഭ്യമാകാന്‍ തുടങ്ങുമെന്നാണ് ബിപ്ലവ് ദേബ്കുമാര്‍ പറയുന്നത്. 

തൊഴിലില്ലാത്ത ബിരുദധാരികളോട് പശുക്കളെ വളര്‍ത്താന്‍ കഴിഞ്ഞ ഏപ്രിലിലാണ് ബിപ്ലബ് ആവശ്യപ്പെട്ടത്. എല്ലാവീട്ടിലും ഒരു പശുവിനെ വളര്‍ത്താനും ബിപ്ലവ് ആഹ്വാനം ചെയ്തിരുന്നു. 10 വര്‍ഷമായി തൊഴിലില്ലാത്ത ഒരു ബിരുദധാരി പശുവിനെ വളര്‍ത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ ബാങ്കില്‍ 10 ലക്ഷം രൂപ ഉണ്ടായേനെയെന്നും മന്ത്രി പറഞ്ഞിരുന്നു. വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ ത്രിപുരയെ ഒരു മാതൃക സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും അതിനായി കര്‍ഷകരോട് സഹകരിക്കണമെന്നും ബിപ്ലവ് ദേബ് ആവശ്യപ്പെട്ടു. 

ബിരുദധാരികളായവര്‍ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടാല്‍ തങ്ങളുടെ സ്റ്റാറ്റസ് കുറഞ്ഞുപോവുമെന്ന് കരുതുന്നതുകൊണ്ടാണ് പലരും തൊഴില്‍ രഹിതരായി ഇരിക്കേണ്ടി വരുന്നതെന്നും മന്ത്രി പറഞ്ഞു. പദ്ധതി നടപ്പില്‍ വരുന്നതിന് മുന്നോടിയായി ഔദ്യോഗിക വസതിയില്‍ പശുക്കളെ വളര്‍ത്താനുമുള്ള പദ്ധതിയുണ്ട് ബിപ്ലവ് ദേബിന്.