കോട്ടയം: ജില്ലയിലെ പക്ഷിപ്പനി കോഴികളിലേയ്ക്കും പടര്‍ന്നതായി സംശയം . ആര്‍പ്പൂക്കരയിലാണ് കോഴികളിൽ രോഗലക്ഷണം കണ്ടത് . വെച്ചൂര്‍,കുറിച്ചി എന്നിവിടങ്ങളിലും താറാവുകള്‍ക്ക് പക്ഷിപ്പനി ബാധിച്ചതായി സംശയമുണ്ട് .അതേ സമയം ആര്‍പ്പൂക്കരയിൽ രോഗലക്ഷണം കാണിച്ച താറാവുകളെ ദ്രുതകര്‍മസേന കൊന്ന് സംസ്കരിച്ചു തുടങ്ങി

കോട്ടയത്ത് ആര്‍പ്പൂക്കര,അയ്മനം പഞ്ചായത്തുകളിലെ താറാവുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.ഇതിന് പിന്നാലെയാണ് രോഗബാധിത പ്രദേശത്ത് കോഴികളിലും രോഗ ലക്ഷണം കണ്ടത് . ഇവയിൽ നിന്ന് മൃഗസംരക്ഷണവകുപ്പ് സാംപിളെടുത്തു . നാളെ ഭോപ്പാലിലേയ്ക്ക് പരിശോധനയ്ക്ക് അയയ്ക്കും . ജില്ലയില്‍ പുതിയ സ്ഥലങ്ങളിലും താറാവുകളിൽ രോഗലക്ഷണം കണ്ടെത്തി . രോഗലക്ഷണം കണ്ടെത്തിയ വെച്ചൂരിലും കുറിച്ചിയിലും താറാവുകളിൽ നിന്നെടുത്ത സാംപിളും ഭോപ്പാലിലേയ്ക്ക് പരിശോധനയ്ക്ക് അയക്കും .

ഇതിനിടെ രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളിൽ രോഗലക്ഷണം കാണിച്ച ആറായിരം താറാവുകളെ കൊന്നൊടുക്കിത്തുടങ്ങി . ആര്‍പ്പൂക്കരയിലെ കേളക്കേരിയിലാണ് താറാവുകളെ കൊന്ന് സംസ്കരിക്കുന്നത്. ആറു പേര്‍ വീതമുള്ള പത്ത് ടീമുകളാണ് ഇവിടെ ക്യാമ്പ് ചെയ്ത് താറാവുകളെ കൊന്നൊടുക്കുന്നത് . പിന്നാലെ രോഗബാധിത പ്രദേശം അണുവിമുക്തമാക്കും

രോഗബാധിത പ്രദേശത്തേയ്ക്ക് പുതിയ താറാവുകളെ കൊണ്ടുവരുന്നതിനും ഇവിടെ നിന്ന് താറാവുകളെ കൊണ്ടു പോകുന്നതിനും മൂന്നു മാസത്തേയ്ക്ക് വിലക്കുണ്ട് . മുട്ടവില്‍പനയ്ക്കും അനുമതിയില്ല. കര്‍ഷകര്‍ക്കുള്ള പക്ഷിപ്പനി നഷ്ടപരിഹാരം സര്‍ക്കാര്‍ തീരുമാനമുണ്ടാകുന്ന മുറയ്ക്ക് നല്‍കാമെന്നാണ് വാഗ്ദാനം .