ചോദ്യം ചെയ്യലിനായി ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ തൃപ്പൂണിത്തറ ക്രൈംബ്രാഞ്ച് ഓഫീസില്‍  ഹാജരായത് നാടകീയമായി. ബിഷപ്പിന്‍റെ വരവിനെ കുറിച്ച് വിവരങ്ങളൊന്നുമില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞ അതേ പൊലീസ് അകമ്പടിയോടെയായിരുന്നു ബിഷപ്പ് ചോദ്യം ചെയ്യലിന് ഹാജരായത്.

കൊച്ചി: ചോദ്യം ചെയ്യലിനായി ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ തൃപ്പൂണിത്തറ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായത് നാടകീയമായി. ബിഷപ്പിന്‍റെ വരവിനെ കുറിച്ച് വിവരങ്ങളൊന്നുമില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞ അതേ പൊലീസ് അകമ്പടിയോടെയായിരുന്നു ബിഷപ്പ് ചോദ്യം ചെയ്യലിന് ഹാജരായത്. ബിഷപ്പിന്റെ മുഖം മാധ്യമങ്ങൾക്ക് ലഭിക്കാതിരിക്കാൻ പോലീസ് ഒരുക്കിയത് വൻ സംവിധാനങ്ങളാണ്.

രാവിലെ പത്ത് മണിയോടെ ഹാജരാകുമെന്നായിരുന്നു ബിഷപ്പ് അറിയിച്ചത്. അദ്ദേഹം വരുമെന്ന് അറിയിച്ച് ഒരു ഭാഗത്ത് ബാരിക്കേടുകള്‍ ഉണ്ടാക്കി സുരക്ഷയൊരുക്കി ശ്രദ്ധതിരിച്ചു. അതേസമയം എറണാകുളത്ത് നിന്ന് വന്ന വാഹനം മാറി മറ്റൊരു വാഹനത്തില്‍ ബിഷപ്പ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി. കാറിന് മുമ്പില്‍ ബൈക്കില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വഴികാണിക്കാനായി വന്നിരുന്നു. വന്നിറങ്ങുന്ന ദൃശ്യങ്ങൾ എടുക്കാൻ ശ്രമിച്ച മാധ്യമങ്ങൾക്ക് മുന്നിൽ നാല് കാറുകൾ കൊണ്ടുവന്നു നിർത്തി കവചമൊരുക്കി. 

പൊലീസിന്‍റെ മൂന്ന് വാഹനങ്ങള്‍ നിരനിരയായി നിര്‍ത്തിയതിന് ഇടയിലേക്കാണ് ബിഷപ്പ് എത്തിയ കാറ് നിര്‍ത്തിയത്. ദൃശ്യങ്ങള്‍ പകര്‍ത്താതിരിക്കാന്‍ പൊലീസ് ചുറ്റും നിന്ന് കവചമൊരുക്കി. ബിഷപ്പ് സുരക്ഷ ആവശ്യപ്പെട്ടിരുന്നില്ലെങ്കിലും നഗരത്തില്‍ 250 പൊലീസുകാരെ ഇതിനായി നിയോഗിച്ചിരുന്നു. ദേശീയ മധ്യമങ്ങളടക്കം വന്‍ മാധ്യമസംഘം റിപ്പോര്‍ട്ടിങ്ങിനായി ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയിരുന്നു.