Asianet News MalayalamAsianet News Malayalam

ബലാത്സംഗക്കേസില്‍ ബിഷപ്പ് അറസ്റ്റിലാവുന്നത് ഇന്ത്യയില്‍ ഇതാദ്യം

ബിഷപ്പ് പോലെ ഉന്നത പദവിയിലിക്കുന്ന ഒരു ആത്മീയനേതാവിനെതിരെ ലൈംഗീകപീഡന പരാതി ഉയരുന്നതോടെയാണ് കേസ് മാധ്യമങ്ങളുടെ ശ്രദ്ധയില്‍ വരുന്നത്. 

bishop arrested in rape case
Author
Kochi, First Published Sep 21, 2018, 7:03 PM IST

കൊച്ചി:ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനും നാടകീയതയ്ക്കും ഒടുവില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലാവുന്പോള്‍ സമാനതകളില്ലാത്ത ഒരു കേസായാവും ചരിത്രം അതിനെ രേഖപ്പെടുത്തുക. സമുന്നത ആത്മീയ നേതാവായ ബിഷപ്പിനെതിരെ ഒരു കന്യാസ്ത്രീ ലൈംഗീക പീഡന പരാതിയുമായി രംഗത്തു വരികയും പരാതിക്കാരിയെ പിന്തുണച്ച് കൂടുതല്‍ കന്യാസ്ത്രീകള്‍ രംഗത്തു വന്നതുമൊക്കെ സഭാ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു.

ബിഷപ്പ് പോലെ ഉന്നത പദവിയിലിക്കുന്ന ഒരു ആത്മീയനേതാവിനെതിരെ ലൈംഗീകപീഡന പരാതി ഉയരുന്നതോടെയാണ് കേസ് മാധ്യമങ്ങളുടെ ശ്രദ്ധയില്‍ വരുന്നത്. കുറുവിലങ്ങാട്ടെ മഠത്തില്‍ താമസക്കാരിയായ കന്യാസ്ത്രീ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ തന്‍റെ പരാതിയില്‍ ഉറച്ചു നിന്നതോടെ  വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതോടെ കേസ് ദേശീയതലത്തിലും ശ്രദ്ധേയമായി. 

ആദ്യം ജലന്ധറിലെത്തിയ അന്വേഷണസംഘം അവിടെ വച്ചു ബിഷപ്പിനെ ചോദ്യം ചെയ്യുകയും കൂടുതല്‍ വിശദമായ മൊഴി രേഖപ്പെടുത്താന്‍ കേരളത്തിലേക്ക് വിളിപ്പിക്കുകയും ചെയ്തു. ഇതിനിടയില്‍ ബിഷപ്പിനെ ഉടന്‍ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് സിസ്റ്റര്‍ അനുപമയുടെ നേതൃത്വത്തില്‍ കന്യാസ്ത്രീകള്‍ തന്നെ നിരഹാര സമരവുമായി രംഗത്തു വന്നു. സമൂഹത്തിന്‍റെ നാനാതുറകളില്‍ നിന്നും സമരവേദിയിലേക്ക് ആളുകള്‍ പിന്തുണയുമായി എത്തി. 

ഇതേസമയം തൃപ്പൂണിത്തുറയിലെ പൊലീസ് ക്ലബില്‍ കേരളത്തിന്‍റെ മുഴുവന്‍ ശ്രദ്ധയും ഏറ്റുവാങ്ങി ബിഷപ്പിന്‍റെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. അത്യന്തം ആകാംക്ഷ നിറഞ്ഞ ചോദ്യം ചെയ്യല്‍ മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ ഇതോടെ ഇന്ത്യാ ചരിത്രത്തില്‍ ആദ്യമായി ലൈംഗീകപീഡനപരാതിയില്‍ അറസ്റ്റിലാവുന്ന ബിഷപ്പ് എന്ന ചീത്തപ്പേര് ഫ്രാങ്കോ മുളയ്ക്കലിന്‍റെ പേരിലുമായി. 
 

Follow Us:
Download App:
  • android
  • ios