Asianet News MalayalamAsianet News Malayalam

നാടകീയത അവസാനിക്കുന്നില്ല; ബിഷപ്പ് ഫ്രാങ്കോ രാത്രിയില്‍ മെഡിക്കല്‍ കോളജില്‍ തുടരും

ഇസിജിയില്‍ വൃതിയാനം കണ്ടെത്തുകയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം രേഖപ്പെടുത്തുകയും ചെയ്തതോടെ അടുത്ത ആറ് മണിക്കൂര്‍ ബിഷപ്പിനെ നിരീക്ഷണത്തില്‍ വയ്ക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്

bishop franco will stay in kottayam medical college till morning
Author
Kottayam, First Published Sep 22, 2018, 12:34 AM IST

കോട്ടയം: കോട്ടയം പൊലീസ് ക്ലബിലേക്കുള്ള യാത്രയ്ക്കിടെ നെഞ്ചു വേദനയെ തുടര്‍ന്ന് കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാത്രിയിലും ആശുപത്രിയില്‍ തുടരും. ഇസിജിയില്‍ വൃതിയാനം കണ്ടെത്തുകയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം രേഖപ്പെടുത്തുകയും ചെയ്തതോടെ അടുത്ത ആറ് മണിക്കൂര്‍ ബിഷപ്പിനെ നിരീക്ഷണത്തില്‍ വയ്ക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്.

ഇപ്പോള്‍ ബിഷപ്പ് തീവ്രപരിചരണ വിഭാഗത്തിലാണ്. രാവിലെ പരിശോധനകള്‍ നടത്തിയ ശേഷം മാത്രമേ ബിഷപ്പിന്‍റെ കാര്യത്തില്‍ കൂടുതല്‍ തീരുമാനമെടുക്കൂ. ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാകും പൊലീസിന്‍റെ അടുത്ത നീക്കങ്ങള്‍. ഇതോടെ കോടതിയില്‍ ഹാജരാക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ക്കും രാവിലെ മാത്രമേ വ്യക്തത വരികയുള്ളൂ. 

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തൃപ്പൂണിത്തുറയില്‍ നിന്ന് കോട്ടയം പൊലീസ് ക്ലബിലെത്തിച്ച് രാത്രിയും ചോദ്യം ചെയ്യാനും പിറ്റേന്ന് പാലാ മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കാനുമായിരുന്നു പൊലീസിന്‍റെ പദ്ധതി.

എന്നാല്‍, യാത്രയ്ക്കിടെ ബിഷപ്പിന് ആരോഗ്യ പ്രശ്നങ്ങളുണ്ടാകുകയായിരുന്നു. തൃപ്പൂണിത്തുറ ജനറല്‍ ആശുപത്രിയില്‍ വച്ചു നടന്ന പ്രാഥമിക പരിശോധനയ്ക്കിടെ ബിഷപ്പിന് ഇസിജി പരിശോധന നടത്തുകയും ഇതില്‍ വ്യതിയാനങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നുവെന്ന് പൊലീസുദ്യോഗസ്ഥര്‍ ഇപ്പോള്‍ സ്ഥിരീകരിക്കുന്നുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി സുഭാഷിനോട് തനിക്ക് നെഞ്ച് വേദനയുണ്ടെന്നും ഇസിജിയില്‍ വ്യതിയാനമുണ്ടെന്നും ബിഷപ്പ് പറഞ്ഞതായാണ് സൂചന. ഇതോടെ വാഹനവ്യൂഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് തിരിച്ചു വിടാന്‍ ഡിവൈഎസ്പി നിര്‍ദേശിക്കുകയായിരുന്നു. നിലവിലെ സംഭവവികാസങ്ങള്‍ ഡിവൈഎസ്പി മേലുദ്യോഗസ്ഥരെ ധരിപ്പിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios