Asianet News MalayalamAsianet News Malayalam

ബിഷപ്പിന്‍റെ അറസ്റ്റ് ഉടന്‍ ഉണ്ടാകില്ല;ചോദ്യം ചെയ്യല്‍ നാളെ വൈക്കത്ത്

നാളെ ഹാജരായാൽ മൊഴിയെടുത്ത് തിരിച്ചയക്കും. ബിഷപ്പ് കുറ്റക്കാരനെങ്കിൽ മുൻകൂർ ജാമ്യഹർജിയിൽ തീരുമാനമായശേഷം തുടർ നടപടികളിലേക്ക് പോകും. മുൻകൂർ ജാമ്യഹർ‍ജി സമർപ്പിച്ചാലും അറസ്റ്റിന് തടസമില്ലെന്ന് സുപ്രീംകോടതി മുന്‍പ് പലതവണ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ബിഷപ്പിന്‍റെ കാര്യത്തിൽ കോടതി തീരുമാനമറിഞ്ഞിട്ടുമതിയെന്നാണ് സംസ്ഥാന പൊലീസിന്‍റെ ധാരണ. 

bishop should not be arrested tomorrow
Author
Kochi, First Published Sep 18, 2018, 4:11 PM IST

കൊച്ചി: കന്യാസ്ത്രിയെ ബലാൽസംഗം ചെയ്ത കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ തൽക്കാലം അറസ്റ്റുചെയ്യില്ല. ബിഷപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചെന്ന പേരിലാണ് അന്വേഷണസംഘത്തിന്‍റെ ഈ നീക്കം. നാളെ രാവിലെ പത്തുമണിക്ക് അന്വേഷണ ഉദ്യോഗസ്ഥൻ മുന്‍പാകെ ഹാജരാകാനാണ് ബിഷപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

തന്ത്രപരമായ നീക്കങ്ങളായിരുന്നു ഹൈക്കോടതിയിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്‍റേത്. രണ്ടുമിനിറ്റുകൊണ്ട് എല്ലാ നടപടികളും തീർന്നു. ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. സർക്കാരിന്‍റെ വിശദീകരണത്തിനായി ഇരുപത്തിയ‌ഞ്ചിലേക്ക് മാറ്റി. പക്ഷേ കോടതി മുറിയിൽ ഹാജരുണ്ടായിരുന്ന ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഹ‍ർജിയെ എതിർത്ത് ഒരക്ഷരം മിണ്ടിയില്ല. ബിഷപ്പിനെ അറസ്റ്റുചെയ്യരുതെന്ന് പ്രതിഭാഗം ആവശ്യപ്പെടുമെന്നാണ് കരുതിയിരുന്നത്. പക്ഷേ അതുമുണ്ടായില്ല. ഈ ആവശ്യം കോടതി നിരസിച്ചാൽ ബിഷപ്പിന് തന്നെ തിരിച്ചടിയാകുമെന്ന തിരിച്ചറിവിലായിരുന്നു ഇത്. ഹർജി 25ലേക്ക് മാറ്റിയതിന് പിന്നാലെയാണ് തൽക്കാലം അറസ്റ്റുവേണ്ടെന്ന് പൊലീസും തീരുമാനിച്ചത്. 

നാളെ ഹാജരായാൽ മൊഴിയെടുത്ത് തിരിച്ചയക്കും. ബിഷപ്പ് കുറ്റക്കാരനെങ്കിൽ മുൻകൂർ ജാമ്യഹർജിയിൽ തീരുമാനമായശേഷം തുടർ നടപടികളിലേക്ക് പോകും. മുൻകൂർ ജാമ്യഹർ‍ജി സമർപ്പിച്ചാലും അറസ്റ്റിന് തടസമില്ലെന്ന് സുപ്രീംകോടതി മുന്‍പ് പലതവണ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ബിഷപ്പിന്‍റെ കാര്യത്തിൽ കോടതി തീരുമാനമറിഞ്ഞിട്ടുമതിയെന്നാണ് സംസ്ഥാന പൊലീസിന്‍റെ ധാരണ. 

ചോദ്യം ചെയ്യലിനായി നാളെത്തന്നെ വൈക്കം ഡിവൈഎസ്പി ഓഫീസിൽ ഹാജരാകാനാണ് ബിഷപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ  മുൻകൂർ ജാമ്യ ഹർ‍ജി മറയാക്കി ബിഷപ്പ് കൂടുതൽ സമയം ആവശ്യപ്പെടുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. കൃത്യസമയത്തുതന്നെ  പൊലീസ് മുന്‍പാകെ ഹാജരാകുമെന്നാണ് ബിഷപ്പിന്‍റെ അടുപ്പക്കാർ ആവർത്തിക്കുന്നത്. ഇതിനിടെ പരാതിക്കാരിയായ കന്യാസ്ത്രിയെ കുറ്റപ്പെടുത്തി കോടനാട് പളളി വികാരി നിക്കോളാസ്  മണിപ്പറമ്പില്‍ രംഗത്തെത്തി. ബിഷപ്പിനെതിരെ തെളിവുകളുണ്ടെന്നു പറഞ്ഞ് കന്യാസ്ത്രി തന്നെ തെറ്റിദ്ധരിപ്പിച്ചെന്നാണ് വൈദികൻ പറയുന്നത്. കന്യാസ്ത്രീക്ക് അനുകൂലമായി പൊലീസിന് നേരത്തെ മൊഴി കൊടുത്ത വൈദികനാണ് മൊഴി ഇപ്പോൾ തിരുത്തിപ്പറയുന്നത്. 

Follow Us:
Download App:
  • android
  • ios