തിരുവനന്തപുരം: നഗരത്തിലെ മദ്യവില്‍പ്പന ശാലകളില്‍ റെയ്ഡിന് നീക്കം. അമിത വില, ബാലന്‍സ് തുക നല്‍കാതിരിക്കല്‍, പ്രത്യേക ഇനം ബ്രാന്‍ഡുകളുടെ കൃത്രിമ ക്ഷാമം തുടങ്ങിയവ സംബന്ധിച്ചുള്ള പരാതികള്‍ വ്യാപകമായതോടെയാണ് റെയ്ഡിന് നീക്കം. എക്‌സൈസ് മേധാവി ഋഷിരാജ് സിംഗിന്റെ നിര്‍ദേശ പ്രകാരമാണ് റെയ്ഡ്. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. 

 ഓണക്കാല തിരക്ക് മുതലെടുത്ത് ക്രമക്കേട് വര്‍ധിക്കുന്നുണ്ടെന്നാണ് പരാതി. രണ്ടുമാസം മുന്‍പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഓവര്‍ബ്രിഡ്ജിന് സമീപത്തെ ഔട്ട്‌ലെറ്റില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് രണ്ടാംഘട്ട പരിശോധന. 

മദ്യശാലകളില്‍ നിന്നും മദ്യം വാങ്ങികഴിഞ്ഞാല്‍ നല്‍കിയ പണത്തിന്റെ ബാക്കി തുക നല്‍കാറില്ലയെന്നാണ് ഭൂരിപക്ഷം പരാതികളുമെന്ന് ഋഷിരാജ് സിംഗ് പറഞ്ഞു. പത്തും ഇരുപതും രൂപയാണ് ബാക്കി നല്‍കാതെ പറ്റിക്കുന്നത്. ക്യാഷ് കൗണ്ടര്‍ പരിശോധിച്ചപ്പോള്‍ ഇത് ശരിയാണെന്ന് വ്യക്തമായി. ഒറ്റപ്പെട്ട മദ്യ ശാലകളില്‍ മദ്യത്തിന് ഇരട്ടിവിലയാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 സ്റ്റോക്കുള്ള മദ്യം പ്രദര്‍ശിപ്പിക്കാറില്ല. പരാതികള്‍ വരുമ്പോള്‍ ഏതെങ്കിലും ഒരു ബോട്ടില്‍ എടുത്ത് പ്രദര്‍ശനത്തിന് വയ്ക്കും. സെലിബ്രേഷന്‍ അടക്കമുള്ള ബ്രാന്‍ഡുകളാണ് ഡിസ്‌പ്ലേയില്‍ വയ്ക്കുന്നത്. പ്രത്യേക ഇനം മദ്യത്തിന് മാത്രമാണ് ജീവനക്കാര്‍ പരിഗണന നല്‍കുന്നത്. ഇതിന് പിന്നില്‍ മറ്റൊരു താല്‍പര്യമുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

 മദ്യം പൊതിയാന്‍ പഴയ ന്യൂസ് പേപ്പര്‍ ഇനത്തില്‍ 11,080 രൂപയാണ് അധികൃതര്‍ കണക്കു കാണിച്ചിരിക്കുന്നത്. എന്നാല്‍ മദ്യശാലകളില്‍ ബോട്ടില്‍ പൊതിഞ്ഞു നല്‍കാറില്ല. ഇതു സംബന്ധിച്ച് എക്‌സൈസ് അധികൃതര്‍ കെ എസ് ബി സി ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ വിവരം കൈമാറി. 

മദ്യവില്‍പ്പണ വര്‍ധിപ്പിക്കാന്‍ വിതരണക്കാര്‍ ജീവനക്കാരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും അത്തരം പ്രവൃത്തി കണ്ടെത്തിയാല്‍ കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി നിയമനടപടി സ്വീകരിക്കും. ഇതു സംന്ധിച്ച് ബെവ്‌കോ എം ഡി എച്ച്. വെങ്കിടേഷ് സര്‍ക്കുലര്‍ പുറപ്പെടുവിപ്പിച്ചു.