ബിഡിജെഎസിനോടും മാണി ഗ്രൂപ്പിനോടും ഉള്ള നിലപാടില്‍ ബിജെപിയില്‍ പുനരാലോചന. ബിഡിജെഎസിന്‍റെ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന് കുമ്മനവും കെ എം മാണിയുടെ അഴിമതി മറക്കാന്‍ തയ്യാറല്ലെന്ന് സി കെ പത്മനാഭനും വ്യക്തമാക്കി. അതേസമയം മൂന്ന് ക്രൈസ്തവ സഭ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് രാത്രി കോഴിക്കോട്ട് ചര്‍ച്ച നടത്തും.

മുന്നണി വിടേണ്ടി വരുമെന്ന വെള്ളാപ്പള്ളി നടേശന്‍റെ കര്‍ശനമായ മുന്നറിയിപ്പ് വകവെക്കുന്നില്ല എന്ന മട്ടിലാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഇന്ന് പ്രതികരിച്ചത്. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ലെന്ന വ്യക്തമായ സൂചനയും കുമ്മനം നല്‍കി.

കെഎം മാണിയെ മുന്നണിയിലെത്തിച്ച് എന്‍ഡിഎ ശക്തിപ്പെടുത്താനുള്ള ഒരു വിഭാഗത്തിന്‍റെ നീക്കത്തോട് പരസ്യമായ എതിര്‍പ്പുണ്ടെന്ന് വ്യക്തമാക്കുന്നതായി മുന്‍ സംസ്ഥാന പ്രസിഡന്റ് സി കെ പത്മനാഭന്‍റെ പ്രതികരണം. അഴിമതിയോട് ഒരു വിട്ടു വീഴ്ചയുമില്ലെന്ന് പത്മനാഭന്‍ പറയുന്നത് കെ എം മാണിയെ ലക്ഷ്യം ഇട്ടു തന്നെ .

കേരളത്തില്‍ എന്‍ഡിഎയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യമിട്ട് നടത്തുന്ന ദേശീയ സമ്മേളനത്തിനിടെയാണ് രണ്ട് പേരുടേയും പ്രതികരണം എന്നത് ശ്രദ്ധേയമാണ്.പ്രധാന ഘടക കക്ഷിയായ ബിഡിജെഎസ് വെല്ലുവിളി ഉയര്‍ത്തുന്നത് സംസ്ഥാനത്ത് മുന്നണിയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയായിരിക്കുകയാണ്. ഫലത്തില്‍ സംസ്ഥാനത്ത് മുന്നണി വിപുലീകരണത്തിന് ഒട്ടേറെ തടസ്സങ്ങള്‍ ഉണ്ടെന്ന സൂചനകള്‍ തന്നെയാണ് പ്രധാന നേതാക്കള്‍ നല്‍കുന്നത്.