സംവരണം ആവശ്യപ്പെട്ടുള്ള ജാട്ട് സമുദായത്തിന്‍റെ പ്രതിഷേധം ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് തിരിച്ചടിയാകുന്നു. ഹരിയാനയിലെ പ്രതിഷേധം പശ്ചിമ ഉത്തര്‍ പ്രദേശിലെ ജാട്ട് ഭൂരിപക്ഷ മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് ബിജെപി.
ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സംവരണപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹരിയാനയിലെ റോത്തക്കില്‍ ജാട്ട് സമുദായം പ്രക്ഷോഭത്തിനിറങ്ങുന്നത്. ആദ്യ രണ്ട് ഘട്ടങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്ന പശ്ചിമ ഉത്തര്‍പ്രദേശിലെ സഹാറന്‍പൂര്‍, ഷാംലി, മുസാഫര്‍ നഗര്‍, ബുലന്‍ഷഹര്‍, മീറത്ത്, ബഗ്പത് മേഖലകളില്‍ സ്വാധീനമുള്ള ജാട്ട് സമുദായത്തിന്‍റെ വോട്ടുകള്‍ ബിജെപിക്ക് വിരുദ്ധമായി ധ്രുവീകരിക്കുമെന്ന ആശങ്കയിലാണ് ബിജെപി. 2012ല്‍ ജാട്ട് നേതാവ് അജിത് സിംഗിന്‍റെ പാര്‍ട്ടിയായ രാഷ്‌ട്രീയ ലോക്ദള്‍ സ്വന്തമാക്കിയ ഒമ്പത് സീറ്റുകള്‍ ഇത്തവണയും കിട്ടാക്കനിയാകുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ബിജെപി വിരുദ്ധ മുസ്ലിം വോട്ടുകളും ഒരു പാര്‍ട്ടിയില്‍ കേന്ദ്രീകരിച്ചാല്‍ അധികാരത്തില്‍ തിരിച്ചെത്താനുള്ള ബിജെപി ശ്രമത്തിന് തിരിച്ചടിയാകുമെന്നും ബിജെപി കരുതുന്നു. കഴിഞ്ഞ വര്‍ഷത്തെ ജാട്ട് പ്രക്ഷോഭത്തില്‍ ഹരിയാനയില്‍ 30പേരാണ് മരിച്ചത്. നിരോധനാജ്ഞ പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍ 7000 പൊലീസുകാരനേയും അര്‍ദ്ധ സൈനിക വിഭാഗത്തേയും വിന്യസിച്ചിട്ടുണ്ട്.
