അയ്യപ്പ ജ്യോതി നടക്കുന്ന സമയത്ത് തന്നെ ജനാധിപത്യ മഹിളാ അസോസിയേഷന്റെ വനിതാ മതിൽ പ്രചാരണ ജാഥ ഇതിന് മുന്നിലൂടെ കടന്നുപോയതും ആശങ്കകൾക്ക് വഴി വെച്ചു. സംഘർഷമുണ്ടാക്കിയവരെ തിരയുകയാണെന്ന് പൊലീസ് പറഞ്ഞു

കാസര്‍ഗോഡ്: അയ്യപ്പജ്യോതി തെളിയിക്കാനെത്തിയവർക്ക് നേര്‍ക്ക് ആക്രമണം. കണ്ണൂർ കാസർഗോഡ് അതിർത്തിയായ കാലിക്കടവിലും കരിവെള്ളൂരിലും വെച്ചാണ് ആക്രമണമുണ്ടായത്. ബസുകളടക്കം നാല് വാഹനങ്ങൾ കല്ലേറിൽ തകരുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

സിപിഎമ്മാണ് അക്രമത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.പയ്യന്നൂർ കണ്ടോത്ത് വെച്ച് പ്രചാരണ വാഹനത്തിന് നേരെ കല്ലേറുണ്ടായി. കരിവെള്ളൂരിലും കോത്തായിയിലും വെച്ച് പ്രവർത്തകരെത്തിയ ബസുകൾക്ക് നേരെ അക്രമണമുണ്ടായി. പുറമെ പെരുമ്പ ഓണക്കുന്ന്, കോത്തായിമുക്ക്, എന്നിവിടങ്ങളിലും അക്രമം നടന്നു.

ദീപം തെളിക്കാൻ കാസർഗോഡ് അതിർത്തി പ്രദേശങ്ങളിൽ നിന്നടക്കം എത്തിയവർക്കാണ് സംഘടിച്ചെത്തിയവരുടെ അക്രമത്തിൽ പരിക്കേറ്റത്. നേരിയ പരിക്കേറ്റവരെ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. ബാക്കിയുള്ളവർ തളിപ്പറമ്പ്, പയ്യന്നൂർ ചെറുവത്തൂർ എന്നിവിടങ്ങളിലായി ചികിത്സ തേടി.

അയ്യപ്പ ജ്യോതി നടക്കുന്ന സമയത്ത് തന്നെ ജനാധിപത്യ മഹിളാ അസോസിയേഷന്റെ വനിതാ മതിൽ പ്രചാരണ ജാഥ ഇതിന് മുന്നിലൂടെ കടന്നുപോയതും ആശങ്കകൾക്ക് വഴി വെച്ചു. സംഘർഷമുണ്ടാക്കിയവരെ തിരയുകയാണെന്ന് പൊലീസ് പറഞ്ഞു. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളുടെ സംരക്ഷണം എന്ന ആവശ്യവുമായാണ് ശബരിമല കർമ്മ സമിതിയും ബി ജെ പിയും അയ്യപ്പജ്യോതി പ്രതിഷേധം സംഘടിപ്പിച്ചത്.

കാസര്‍ഗോഡ് മുതല്‍ കളിയിക്കാവിള വരെ പ്രവര്‍ത്തകര്‍ ദീപം തെളിയിച്ചു. കാസര്‍ഗോഡ് ഹൊസങ്കഡി അയ്യപ്പ ക്ഷേത്രത്തിലെ ശ്രീകോവിലില്‍ നിന്ന് തെളിയിച്ച ദീപം ക്ഷേത്രം ശാന്തി പുറത്തേക്ക് കൈമാറി. സ്വാമി യോഗാനന്ദ സരസ്വതിയും കപിലാശ്രമം ഉത്തരകാശി രാമചന്ദ്രസ്വാമിയും ചേര്‍ന്ന് ദീപം ഏറ്റുവാങ്ങി.

തുടര്‍ന്ന് ഹൊസങ്കഡി നഗരത്തില്‍ എത്തിച്ച ശേഷം ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ അയ്യപ്പജ്യോതി തെളിയിച്ചു. മഞ്ചേശ്വരം മുതൽ കളിയിക്കാവിള വരെ പാതയോരത്ത് വൈകീട്ട് ആറ് മണിയോടെയാണ് അയ്യപ്പജ്യോതി തെളിയിച്ചത്.