സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും മറിച്ചിടാനുമുള്ള നടത്തുന്ന ബിജെപിക്കെതിരെ ജനകീയ പ്രതിഷേധം ഉയര്‍ത്താന്‍ ആവശ്യപ്പെടുമെന്നാണ് കുമാരസ്വാമി പറഞ്ഞത്
ബംഗളൂരു: ഏറെ നാടകീയതയ്ക്കൊടുവില്‍ കോണ്‍ഗ്രസും ജെഡിഎസും ചേര്‍ന്ന് അധികാരം സ്വന്തമാക്കിയ കര്‍ണാടകയില്‍ പോര്‍ക്കളം ശാന്തമാകുന്നില്ല. സര്‍ക്കാര്‍ രൂപീകരണത്തിന് ശേഷവും സഖ്യ സര്‍ക്കാരും ബിജെപിയും തമ്മിലുള്ള പോര്‍വിളികളും അധികാര വടംവലിയും തുടരുകയാണ്.
കഴിഞ്ഞ ദിവസം ഇരു സംഘവും എംഎല്‍എമാര്‍ തങ്ങളുടെ സംഘത്തിലേക്ക് വരുവാന്‍ കാത്തു നില്‍ക്കുകയാണെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ ഒരു പ്രസ്താവനയാണ് ബിജെപിയെ ചൊടിപ്പിച്ചിരിക്കുന്നത്. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും മറിച്ചിടാനുമുള്ള നടത്തുന്ന ബിജെപിക്കെതിരെ ജനകീയ പ്രതിഷേധം ഉയര്‍ത്താന്‍ ആവശ്യപ്പെടുമെന്നാണ് കുമാരസ്വാമി പറഞ്ഞത്.
എന്നാല്‍, കുമാരസ്വാമി സംസ്ഥാനത്ത് കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി തിരിച്ചടിച്ചു. ഭരണഘടനാപരമായി ഉന്നത സ്ഥാനത്ത് ഇരുന്ന് പരസ്യമായി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കുമാരസ്വാമിക്കെതിരെ ബിജെപി ഗവര്‍ണര്‍ വാജുഭായ് വാലയെ സമീപിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയെ പുറത്താക്കണമെന്ന ആവശ്യമാണ് ബിജെപി ഉന്നയിച്ചിരിക്കുന്നത്. ഇതിന് ശേഷം ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിന് പ്രശ്നങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയതായാണ് സൂചനകള്‍. നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര നിര്‍ദേശം ലഭിക്കാന്‍ ഗവര്‍ണര്‍ കാത്തിരിക്കുകയാണ്.
അധികാരത്തില്‍ നിലനില്‍ക്കാന്‍ കുമാരസ്വാമി ഇനി ജനങ്ങളെ പ്രകോപിപ്പിച്ചാല്‍ അതിന്‍റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ബിജെപി നേതാവ് ശോഭ കരന്തലജെ വ്യക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ യെദ്യൂരപ്പയുടെ വീട് ഇന്നലെ ആക്രമിക്കപ്പെട്ടു.
ബിജെപിയുടെ എംഎല്‍എമാരാണ് അദ്ദേഹത്തെ രക്ഷിച്ചത്. ഈ സംഭവം ഏറെ ഞെട്ടലുണ്ടാക്കുന്നുവെന്ന് ശോഭ പറഞ്ഞു. പരസ്യമായി കലാപമുണ്ടാക്കാന്‍ അനുയായികളെ പ്രേരിപ്പിക്കുന്ന രാജ്യത്തെ ആദ്യ രാഷ്ട്രീയ നേതാവ് കുമാരസ്വാമിയാണെന്നും ബിജെപി വിമര്‍ശനമുന്നയിച്ചു.
ബിജെപി എന്ത് തന്ത്രങ്ങള്‍ പ്രയോഗിച്ചാലും സര്‍ക്കാരിനെ പിടിച്ച് നിര്‍ത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി നല്‍കിയിരിക്കുന്ന സുപ്രധാന നിര്‍ദേശവും ഇതാണ്. അടിയന്തര സാഹചര്യം പരിഗണിച്ച് ഇന്ന് കുമാരസ്വാമി, ഉപമുഖ്യമന്ത്രി പരമേശ്വര, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, ജലസേചന മന്ത്രി ഡി.കെ. ശിവകുമാര്‍, കെപിസിസി പ്രസിഡന്‍റ് ദിനേശ് ഗുണ്ഡ്റാവു എന്നിവര്‍ യോഗം ചേര്‍ന്നു.
ഭരണപക്ഷത്ത് നിന്ന് എംഎല്‍എമാര്‍ കൂറ് മാറാനുള്ള സാധ്യതകള്‍ ഒഴിവാക്കുന്നതാണ് യോഗത്തില്‍ മുഖ്യ അജണ്ടയായത്. കോടികളും അധികാര സ്ഥാനങ്ങളും വാഗ്ദാനം ചെയ്ത് എംഎല്‍എമാരെ സ്വന്തമാക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
ചില പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് കഴിഞ്ഞ ദിവസം ബി.എസ്. യെദ്യൂരപ്പ പറഞ്ഞിരുന്നു. തൊട്ട് പിന്നാലെ ഏഴോ എട്ടോ ബിജെപി എംഎല്‍എമാരെങ്കിലും ഭരണത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യത്തില്‍ ചേരാന്‍ കാത്തുനില്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.ജി. റാവു പ്രതികരിച്ചിരുന്നു.
