കാസര്‍കോട്: ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനമൊട്ടാകെ സംഘര്‍ഷം തുടരുന്നതിനിടെ കാസര്‍കോട് ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു. പാറക്കട്ട സ്വദേശി ഗണേഷിനാണ് കുത്തേറ്റത്. കാസറഗോഡ് നഗരസഭാ മുന്‍ ബിജെപി കൗണ്‍സിലര്‍ ആണ്. കാസര്‍കോട് മീപ്പുഗിരിയിലാണ് സംഭവം. അക്രമത്തില്‍ ഗണേഷിന്റെ കൈയ്ക്കാണ് പരുക്കേറ്റത്. ഹര്‍ത്താലിന് അനുബന്ധിച്ചുണ്ടായ സംഘര്‍ഷങ്ങളിലാണ് ഈ സംഭവവും. ആരാണ് കുത്തിയതെന്ന് വ്യക്തമല്ല. 

കാസര്‍കോടിനടുത്ത് നുള്ളിപ്പാടി പെട്രോള്‍ പമ്പിനു സമീപം നില്‍ക്കുയായിരുന്ന ഗണേഷിനെ ബൈക്കിലെത്തിയവര്‍ ആക്രമിക്കുകയായിരുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടു പോയി.

ശബരിമലയിലെ യുവതീപ്രവേശനത്തിന് പിന്നാലെ ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് അങ്ങോളമിങ്ങോളം തെരുവില്‍ സംഘര്‍ഷം തുടരുകയാണ്. രാവിലെ കടകള്‍ തുറന്ന വ്യാപാരികള്‍ പലയിടങ്ങളിലും ആക്രമിക്കപ്പെട്ടു. ഹര്‍ത്താല്‍ അനുകൂലികള്‍ വ്യാപാരസ്ഥാപനങ്ങള്‍ ബലം പ്രയോഗിച്ച് അടപ്പിക്കുകയും ചെയ്തു. നിരവധി സ്ഥലങ്ങളില്‍ സിപിഎം ഓഫീസുകള്‍ ആക്രമിക്കപ്പെട്ടു. ചിലയിടങ്ങളില്‍ തിരിച്ചും ആക്രമണമുണ്ടായി.