ദില്ലി: നേതൃത്വം മാറിയാലും കോണ്‍ഗ്രസിലെ അഴിമതി തുടരുമെന്ന് ബിജെപി. കോണ്‍ഗ്രസ് അധ്യാക്ഷനായി രാഹുല്‍ ഗാന്ധി ചുമതലയേറ്റതിന് പിന്നാലെയാണ് വിമര്‍ശനവുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്.
കോണ്‍ഗ്രസ് പിന്തുണയോടെ ജാര്‍ഖണ്ഡില്‍ അധികാരത്തിലെത്തിയ മുന്‍ മുഖ്യമന്ത്രി മധു കോഡയെ അഴിമതി കേസില്‍ മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ബിജെപി വക്താവ് സംബിത് പത്രയുടെ വിമര്‍ശനം.
അധികാരം നഷ്ടപ്പെട്ട നാല് വര്‍ഷമായിട്ടും അഴിമതിക്കേസുകള്‍ കോണ്‍ഗ്രസിനെ വിട്ട് പോയിട്ടില്ല. അധ്യക്ഷന്‍ പഴയതായാലും പുതിയതായാലും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന രീതിയില്‍ മാറ്റമുണ്ടാകില്ലെന്നും സംബിത് പരിഹസിച്ചു. ബിജെപിയുടേത് വെറുപ്പിന്റെ രാഷ്ട്രീയമാണെന്ന് അധ്യക്ഷസ്ഥാനം ഏറ്റെടുത്ത് നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ ആരോപിച്ചിരുന്നു.
