തിരുവനന്തപുരം: അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ബിജെപി. വിഷയം ദേശിയ പട്ടികജാതി കമ്മീഷന്റേയും മനുഷ്യാവകാശ കമ്മീഷന്റേയും ശ്രദ്ധയില്‍പ്പെടുത്തുമെന്ന് സംസ്ഥാന വകതാവ് എം എസ് കുമാര്‍ പറഞ്ഞു. മരിച്ച മധുവിന്‍റെ വീട്ടില്‍ ജില്ലക്കാരനായ ആദിവാസക്ഷേമമന്ത്രി എ.കെ. ബാലന്‍ പോകാത്തത് അപലപനീയമാണെന്നും കുമാര്‍ പറഞ്ഞു. 

കേരളത്തിന്റെ ചരിത്രത്തിലില്ലാത്ത സംഭവമാണ് നടന്നത്. ഇടതു പക്ഷം ഭരിക്കുമ്പോഴാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതെന്ന് യാദൃശ്ചികമല്ല. ന്യുനപക്ഷ യുവാവിനെ നടുറോഡില്‍ വെട്ടികൊന്നതും പിന്നോക്കക്കാരിയായ ഗര്‍ഭണിയെ മര്‍ദ്ദിച്ച് വയറ്റിലുണ്ടായിരുന്ന കുഞ്ഞിനെ കൊന്നതും അടുത്ത ദിവസങ്ങളിലാണ്. 

കേരളം അക്രമങ്ങളുടെ നാടായി. സമാധാനമാഗ്രഹിക്കുന്നവര്‍ക്ക് ഭീഷണിയുള്ള സംസ്ഥാനമായി കേരളം മാറുന്നു. അമേരിക്കന്‍ സാമ്രാജ്യത്തിത്തെനിതെരെയും നവലിബറല്‍ നയത്തിനെതിരെയും ഫാസിസത്തിനെതിരെയും ചര്‍ച്ചചെയ്യുന്ന സിപിഎം സംസ്ഥാനസമ്മേളനം പാവപ്പെട്ട ആദിവാസി യുവാവിന്റെ കൊലപാതകവും ചര്‍ച്ചയാക്കണമെന്നും എം എസ് കുമാര്‍ ആവശ്യപ്പെട്ടു.

മറ്റ് സംസ്ഥാനങ്ങളില്‍ നടക്കുന്ന ഒറ്റെപ്പെട്ട കൊലപാതകങ്ങലുടെ പേരില്‍ കേന്ദ്ര സര്‍ക്കാറിനേയും ബിജെപിയേയും ആക്ഷേപിക്കാന്‍ രംഗത്തുവരുന്ന സാംസ്‌ക്കാരിക നേതാക്കളും നിശബ്ദത നാണക്കേടാണ്. ഉത്തര്‍ പ്രദേശില്‍ ആരോ മരിച്ചപ്പോള്‍ 10 ലക്ഷവും കേരളത്തിലെ രാഷ്ടീയനേതാവ് മരിച്ചപ്പോള്‍ 25 ലക്ഷവും ബന്ധുക്കള്‍ക്ക് നല്‍കിയ സര്‍ക്കാറാണെന്നും ബിജെപി ആരോപിച്ചു.