സംസ്ഥാനത്ത് സംഭവിക്കുന്ന അക്രമങ്ങളെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെ അറിയിക്കുമെന്ന് ബിജെപി നേതാക്കള്‍

ദില്ലി:ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിക്കെതിരെ ബിജെപി.ജനാധിപത്യത്തെ കൊലപ്പെടുത്തുകയാണ് മമതാ ബാനര്‍ജിയെന്നാണ് ബിജെപി നേതാക്കളുടെ ആരോപണം. സംസ്ഥാനത്ത് നടക്കുന്ന മനുഷ്യത്വവിരുദ്ധ അക്രമങ്ങളെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെ അറിയിക്കുമെന്ന് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ പറഞ്ഞതായി മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നോമിനേഷന്‍ നല്‍കുന്നത് തടയാനായി ഭയം സൃഷ്ടിക്കുകയാണ് മമതാ ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു.ബംഗാളില്‍ സംഭവിക്കുന്നത് മനുഷ്യത്വവിരുദ്ധമായ കാര്യമാണെന്നും രാജ്നാഥ് സിംഗിനെ തങ്ങള്‍ കാണുമെന്നും പാര്‍ലമെന്‍റിലെ മഹാത്മാ ഗാന്ധിയുടെ പ്രതിമക്ക് മുമ്പില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ പറഞ്ഞു.തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ നല്‍കൂന്ന ബിജെപി പ്രവര്‍ത്തകരെ ഉന്നംവെക്കുകയും കൊലപ്പെടുത്തുകയുമാണെന്ന് രാജ്യസഭാ അംഗം രൂപാ ഗാംഗുലി പറഞ്ഞു.