തിരുവനന്തപുരം: ബിജെപിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.  ബിജെപി സമരം വിജയിച്ചില്ലെന്ന് അവർ തന്നെ സമ്മതിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിപിഎമ്മിന് വിശ്വാസികളുടെ പിന്തുണയുണ്ട്. വിശ്വാസികൾക്കെതിരെ സിപിഎം നിലപാട് എടുത്തിട്ടില്ല, എന്നാല്‍ മതനിരപേക്ഷമായ പൊതുയിടങ്ങള്‍ ഇല്ലാതാക്കാൻ സംഘപരിവാർ ശ്രമം നടക്കുന്നെന്ന് പിണറായി വിജയന്‍ ആരോപിച്ചു. 

വിശ്വാസികള്‍ക്ക് ഇവിടെ നടക്കുന്ന വിഷയങ്ങളെക്കുറിച്ച് ബോധ്യമുണ്ട്.  ശബരിമല വിഷയത്തില്‍ ബിജെപി നടത്തിയ സമരം പൂര്‍ണ പരാജയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സമൂഹത്തിന്റെ വലതുപക്ഷവൽക്കരണം ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മുസ്ലീം വിഭാഗത്തിനെതിരെ ബോധപൂര്‍വമായ അക്രമം ഉണ്ടായി. ശബരിമലയിൽ സ്ത്രീകള്‍ കയറാൻ പാടില്ലെന്ന 1991ലെ ഹൈക്കോടതി വിധി നിയമപരമായിരുന്നില്ല. ഇതാണ് സുപ്രീംകോടതി തിരുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു . കോടതിക്ക് എതിരെ നീങ്ങാൻ പറ്റാത്തതിനാൽ ചിലര്‍ സര്‍ക്കാരിനെ ആക്രമിക്കുകയായിരുന്നു.  സി പി എമ്മിനോടൊപ്പം നിൽക്കുന്നത് യഥാര്‍ത്ഥ വിശ്വാസികളാണ്, അവരുടെ പിന്തുണ സിപിഎമ്മിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.