കായംകുളം പുതുപ്പള്ളിയില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റ സംഭവത്തിന് പിന്നില്‍ ബി.ജെ.പിയെന്ന് ആരോപണം. ബി.ജെ.പി വിട്ട പ്രവര്‍ത്തകനെ ബി.ജെ.പിയുടെ പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തില്‍ ആക്രമിച്ചെന്നാണ് പരാതി. സംഭവത്തില്‍ കൊലപാതക ശ്രമത്തിന് പൊലീസ് കേസെടുത്തു
കായംകുളം പുതുപ്പള്ളി സ്വദേശിയും ബി.ജെ.പി പ്രവര്‍ത്തകനുമായിരുന്ന ഷിന്റോ ഒന്നര മാസം മുമ്പ് ക്ഷേത്രത്തില്‍ വച്ചുണ്ടായ ചില പ്രശ്നങ്ങളെ തുടര്‍ന്ന് പാര്‍ട്ടി വിട്ടിരുന്നു. അതിലുള്ള വൈരാഗ്യം തീര്‍ക്കാന്‍ ദേവികുളങ്ങര പഞ്ചായത്തിലെ ബി.ജെ.പി മെമ്പറായ അരുണിന്റെ നേതൃത്വത്തില്‍ ആക്രമിച്ചുവെന്നാണ് വെട്ടേറ്റ ഷിന്റോ പറയുന്നത്. പുതുപ്പള്ളിയില്‍ വെയിറ്റിംഗ് ഷെഡിലിരിക്കുമ്പോള്‍ ഇന്നൊവ കാറിലെത്തി വടിവാള്‍ കൊണ്ട് വെട്ടുകയായിരുന്നുവെന്നാണ് ഷിന്റോ പൊലീസിന് നല്‍കിയ മൊഴി.
ആക്രമണത്തില്‍ ഷിന്റോയ്‌ക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തായ ഷിറാസിനും വെട്ടേറ്റു. ഇരുവരുടേയും പരിക്ക് ഗുരുതരമല്ല. സംഭവത്തില്‍ കൊലപാതക ശ്രമം, മാരകായുധം ഉപയോഗിച്ച് ആക്രമിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികള്‍ ഒളിവിലാണെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
