ലക്‌നൗ: യു.പി നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലീം വോട്ടുകള്‍ എതിര്‍ ചേരിക്ക് അനുകൂലമായി കേന്ദ്രീകരിക്കുന്നതിന് തടയിടാന്‍ ബി.ജെ.പി മുത്തലാഖ് കാര്‍ഡിറക്കി. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മുത്തലാഖ് നിരോധിക്കാന്‍ നടപടിയെടുക്കുമെന്ന് കേന്ദ്രമന്ത്രിമാര്‍ വ്യക്തമാക്കി. വിഷയത്തില്‍ നിലപാട് പറയാന്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളോട് ബി.ജെ.പി ആവശ്യപ്പെടുകയും ചെയ്തു.
രാമക്ഷേത്രത്തിനും കലാപത്തിനും പിന്നാലെ മുത്തലാഖ് വിഷയവും. യു.പി തിരിച്ചു പിടിക്കാന്‍ ബി.ജെ.പി വര്‍ഗീയ കാര്‍ഡുകള്‍ ഒന്നൊന്നായി ഇറക്കുകയാണ്. രാമക്ഷേത്രം വിഷയം ഉയര്‍ത്തുന്നത് ഹിന്ദു ധ്രൂവീകരണത്തിനെങ്കില്‍ മുത്തലാഖിന്റെ മുഖ്യഉന്നം എതിര്‍ ധ്രുവീകരണ നീക്കത്തിന് തടയിടലാണ്. മുത്തലാഖ് മുസ്ലീം സ്ത്രീകളുടെ മാന്യതയുടെയും സമത്വത്തിന്റെയും നീതിയുടെയും പ്രശ്‌നമെന്ന നിലയിലാണ് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ഉയര്‍ത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മുത്തലാഖ് നിരോധിക്കാന്‍ നടപടിയെടുക്കുമെന്ന് അദ്ദേഹം ഗാസിയാബാദില്‍ പ്രഖ്യാപിച്ചു.
മുത്തലാഖില്‍ നിലപാട് വ്യക്തമാക്കാന്‍ മറ്റു പാര്‍ട്ടികളെ നിര്‍ബന്ധിക്കുന്നതിലൂടെ യു.പിയില്‍ എതിരാളികളെ വെട്ടിലാക്കാനാണ് ബി.ജെ.പി ശ്രമം. മുത്തലാഖ് വിഷയത്തിലൂടെ ന്യൂനപക്ഷത്തിലെ വനിതാ വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കുക വഴി വോട്ട് ധ്രുവീകരണത്തിന് തടയിടാമെന്നാണ് പാര്‍ട്ടി കണക്കു കൂട്ടുന്നത്. ന്യൂനപക്ഷങ്ങള്‍ നിര്‍ണായകമായ ജില്ലകളില്‍ എസ്.പി കോണ്‍ഗ്രസ് സഖ്യത്തിന് മുന്‍തൂക്കമെന്ന സര്‍വേകള്‍ പുറത്തു വരുന്ന പശ്ചാത്തലത്തിലാണ് ബി.ജെ.പി മുത്തലാഖ് കാര്‍ഡറിക്കുന്നത്.
