മേഖലയില്‍ ഒക്ടോബര്‍ മാസം ആറാം തിയതി മുതല്‍ നിരോധനാജ്ഞ നിലവിലുണ്ട്. നാലില്‍ കൂടുതല്‍ പേര്‍ സംഘടിക്കാന്‍ പാടില്ലെന്നിരിക്കെ തെരഞ്ഞെടുപ്പ് റാലി അനുമതിയില്ലാതെ നടത്തിയതിനാണ് കേസെടുത്തത്.

നരസിംങ്പൂർ: മധ്യപ്രദേശിൽ അനുമതി ഇല്ലാതെ തെരഞ്ഞെടുപ്പ് പ്രചരണ റാലി നടത്തിയതിന് ബിജെപി സ്ഥാനാര്‍ഥിക്കും പ്രവർത്തകർക്കുമെതിരെ കേസെടുത്തു. ഗദര്‍വ്വാര മണ്ഡലത്തിലെ സ്ഥാനാര്‍ഥി ഗൗതം പട്ടേലിനും ബിജെപി പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് പൊലീസ് കേസെടുത്തത്. ഗദര്‍വ്വാര മണ്ഡലത്തില്‍ നവംബർ എട്ടിനാണ് അനുവാദമില്ലാതെ ബി.ജെ.പി റാലി നടത്തിയത്.

മേഖലയില്‍ ഒക്ടോബര്‍ ആറാം തിയതി മുതല്‍ നിരോധനാജ്ഞ നിലവിലുണ്ട്. നാലില്‍ കൂടുതല്‍ പേര്‍ സംഘടിക്കാന്‍ പാടില്ലെന്നിരിക്കെ തെരഞ്ഞെടുപ്പ് റാലി അനുമതിയില്ലാതെ നടത്തിയതിനാണ് കേസെടുത്തത്.

ഒക്ടോബര്‍ ആറിനാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ മധ്യപ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. രാജസ്ഥാന്‍, തെലങ്കാന, മിസോറാം, ഛത്തീസ്ഗഢ് എന്നിവടങ്ങളിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനൊപ്പം പെരുമാറ്റചട്ടവും നിലവില്‍ വന്നിരുന്നു. നവംബര്‍ 28 നാണ് മധ്യപ്രദേശില്‍ വോട്ടെടുപ്പ് നടക്കുക. ഡിസംബര്‍ 11 നാണ് വോട്ടെണ്ണല്‍.

ബിജെപി വക്താവായ സമ്പിത് പാത്രയ്ക്കെതിരെ തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ട ലംഘനത്തിന് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഒക്ടോബര്‍ 27ന് ഭോപ്പാലിലെ എം.പി നഗറിലുള്ള റോഡരികില്‍ വാര്‍ത്താ സമ്മേളനം നടത്തിയതുമായി ബന്ധപ്പെട്ടായിരുന്നു നടപടി. കോൺഗ്രസിനെതിരെയും രാഹുല്‍ ഗാന്ധിയ്ക്കെതിരെയും സംബിത് രൂക്ഷ വിമർശനം നടത്തിയിരുന്നു. സംബിതിന്‍റെ വാര്‍ത്താ സമ്മേളനം പെരുമാറ്റ ചട്ട ലംഘനമാണെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ പിന്നീട് കണ്ടെത്തിയിരുന്നു.