അഴിമതി കേസിലെ പ്രതികളും വിവാദ ഖനി ഉടമകളുമായ ബെല്ലരിയിലെ റെഡ്ഡി സഹോദരൻമാർക്ക് കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകിയത്
ബംഗളുരു: അഴിമതി കേസിലെ പ്രതികളും വിവാദ ഖനി ഉടമകളുമായ ബെല്ലരിയിലെ റെഡ്ഡി സഹോദരൻമാർക്ക് കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകിയത് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ അറിഞ്ഞെന്ന് ബിജെപി മുഖ്യമന്ത്രി സ്ഥാനാർഥി ബി.എസ്.യെദ്യൂരപ്പ. റെഡ്ഡി സഹോദരൻമാർക്കു സീറ്റു നൽകിയതിന്റെ പേരിൽ ബിജെപിക്കുനേരെ കോണ്‍ഗ്രസ് ആക്രമണം ശക്തമാകുമ്പോഴാണ് യെദ്യൂരപ്പയുടെ വെളിപ്പെടുത്തല്‍.
ഖനി അഴിമതിയിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയ ജനാർദൻ റെഡ്ഡി മത്സരിക്കേണ്ടെന്നു മാത്രമാണ് അമിത് ഷാ നിർദേശിച്ചതെന്നും ഇദ്ദേഹത്തിന്റെ സഹോദരൻമാരായ കരുണാകർ റെഡ്ഡിക്കും സോമശേഖർ റെഡ്ഡിക്കും സീറ്റ് നൽകുന്നതിൽ അമിത് ഷായ്ക്ക് എതിർപ്പുണ്ടായിരുന്നില്ലെന്നും യെദ്യൂരപ്പ പറഞ്ഞു.
ജനാർദൻ റെഡ്ഡി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നും അദ്ദേഹം ബെല്ലാരിയിലും ഇതിനോടു കൂടിച്ചേർന്ന 15 ജില്ലകളിലും പാർട്ടിയെ വിജയിക്കാൻ സഹായിക്കുക മാത്രമാണു ചെയ്യുന്നതെന്നും യെദ്യൂരപ്പ ന്യായീകരിച്ചു.
ബെല്ലാരിയിലെ ശക്തികേന്ദ്രങ്ങളായ റെഡ്ഡിമാരിൽനിന്നു സഹായം നേടുന്നതിനോടു പാർട്ടിക്ക് എതിർപ്പില്ലെന്നും പാർട്ടിക്ക് 150 സീറ്റ് നേടുക എന്നതാണ് പ്രധാനമെന്നും യെദ്യൂരപ്പ കൂട്ടിച്ചേർത്തു. അഴിമതിയോടു വിട്ടുവീഴ്ചയില്ല എന്ന് മോദി സർക്കാർ ആവർത്തിക്കുമ്പോഴാണ്, കർണാടകയിൽ ബിജെപി റെഡ്ഡി സഹോദരൻമാർക്കു സീറ്റു നൽകുന്നത്.
