Asianet News MalayalamAsianet News Malayalam

കര്‍ണാടകയില്‍ ബിജെപിക്ക് തിരിച്ചടി; കോൺ​​ഗ്രസ് - ജെഡിഎസ് സഖ്യം മുന്നിലേക്ക്

കർണാടകത്തിലെ ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് കനത്ത തിരിച്ചടി നൽകി കോൺഗ്രസ് ജെഡിഎസ് സഖ്യത്തിന്‍റെ മുന്നേറ്റം. രണ്ട് ലോക്സഭാ സീറ്റുകളിൽ ജയമുറപ്പിച്ച സഖ്യം രണ്ട് നിയമസഭാ സീറ്റുകളും നിലനിർത്തി. 

bjp failed in bellari in bypoll election
Author
Karnataka, First Published Nov 6, 2018, 1:06 PM IST

ബെംഗളൂരു: കർണാടകത്തിലെ ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് കനത്ത തിരിച്ചടി നൽകി കോൺഗ്രസ് ജെഡിഎസ് സഖ്യത്തിന്‍റെ മുന്നേറ്റം. രണ്ട് ലോക്സഭാ സീറ്റുകളിൽ ജയമുറപ്പിച്ച സഖ്യം രണ്ട് നിയമസഭാ സീറ്റുകളും നിലനിർത്തി. ശിവമൊഗ്ഗ ലോക്സഭാ മണ്ഡലത്തില്‍ മാത്രമാണ് ബിജെപി പിടിച്ചുനിന്നത്. 2014ൽ ബി എസ് യെദ്യൂരപ്പ മൂന്നര ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ജയിച്ച ശിവമൊഗ്ഗയില്‍ 47000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മകൻ ബി വൈ രാഘവേന്ദ്ര വിജയിച്ചത്. 

വർഷങ്ങളായി ബിജെപി നിലനിർത്തുന്ന ബെല്ലാരിയിൽ രണ്ടര ലക്ഷത്തോളം വോട്ടുകളുടെ ലീഡ് കോൺഗ്രസ് സ്ഥാനാർത്ഥിക്കുണ്ട്. 1999ൽ സോണിയ ഗാന്ധിയാണ് ബെല്ലാരിയിൽ നിന്ന് ജയിച്ച  അവസാന കോൺഗ്രസ് സ്ഥാനാർത്ഥി.മാണ്ഡ്യ ലോക്സഭാ സീറ്റിൽ മൂന്ന് ലക്ഷത്തിലധികം വോട്ടിന്‍റെ ലീഡ് ജെഡിഎസ് നേടിക്കഴിഞ്ഞു. രാമനഗര നിയമസഭാ സീറ്റിൽ മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമിയും ജംഖണ്ഡിയിൽ ആനന്ദ് ന്യാമഗൗഡയും വിജയിച്ചു.

ബെല്ലാരിയിലെ എട്ട് അസംബ്ലി മണ്ഡലങ്ങളിൽ ആറും സ്വന്തമാക്കിയിരിക്കുന്നത് കോൺഗ്രസ്-ജെഡിഎസ് സഖ്യമാണ്. ബെല്ലാരിയിൽ ബിജെപി നേതാവ് ബി. ശ്രീരാമുലുവിന്റെ സഹോദരി വി. ശാന്തയായിരുന്നു ബിജെപി സ്ഥാനാർത്ഥി. ബി. ശ്രീരാമുലു എംപി സ്ഥാനം രാജി വച്ച് നിയമസഭയിലേക്ക് ജയിച്ചതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. റെ‍‍ഡ്ഡി സഹോദരൻമാരുടെയും ശ്രീരാമുലുവിന്റെയും തട്ടകമായിരുന്ന ബെല്ലാരിയിലാണ് ബിജെപി കനത്ത തിരിച്ചടി നേരിട്ടു. 

കോൺഗ്രസ് നേതാക്കളായ സിദ്ധരാമയ്യരും ഡികെ ശിവകുമാറും ശക്തമായ പിന്തുണയോടെ കോൺഗ്രസിനൊപ്പം നിൽക്കുന്നുണ്ട്. ജെഡിഎസുമായി സഖ്യമുണ്ടാക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ച വ്യക്തിയായിരുന്നു ഡികെ ശിവകുമാർ. 1999ൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ബിജെപി നേതാവ് സുഷമ സ്വരാജിനും സ്ഥാനാർത്ഥിത്വം നൽകിയത് ബെല്ലാരിയായിരുന്നു. അന്നത്തെ തെരഞ്ഞെടുപ്പിൽ‌ സോണിയ ഗാന്ധി ജയിച്ചെങ്കിലും പിന്നീട് വന്ന ഇലക്ഷനിൽ‌ ജയം ബിജെപിയ്ക്കായിരുന്നു. 

പിന്നീട് ബെല്ലാരിയിൽ ബിജെപി തോൽവി എന്തെന്ന് അറിഞ്ഞിട്ടില്ല. വർഷങ്ങൾക്ക് ശേഷമാണ് ബിജെപിയ്ക്ക് വൻവെല്ലുവിളി ‌ഉയർത്തി ബെല്ലാരി കോൺഗ്രസിനൊപ്പം നിൽക്കുന്നത്. 2019ലെ ദേശീയ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ ഈ ഉപതെരഞ്ഞെടുപ്പ് ജെഡിഎസ് -കോൺഗ്രസ് സഖ്യത്തിന് കൂടുതൽ പ്രതീക്ഷ നൽകുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios