ക്ലെെമാക്സ് വന്നപ്പോൾ ബിജെപിക്ക് വൻതിരിച്ചടി  പ്രചരണ തന്ത്രങ്ങളെല്ലാം പാഴായി

ചെങ്ങന്നൂര്‍: അട്ടിമറി വിജയം തന്നെയാണ് ചെങ്ങന്നൂരിൽ ബിജെപി സ്വപ്നം കണ്ടത്. ത്രിപുരയ്ക്ക് ശേഷം കേരളം പിടിക്കാനിറങ്ങിയതായിരുന്നു മോദി- -ഷാ ടീം. കേരളത്തിലെ തേരോട്ടം ചെങ്ങന്നൂരിൽ നിന്ന് തുടങ്ങുമെന്ന പ്രഖ്യാപനവും ഉണ്ടായി. പാർട്ടിക്ക് ജയിക്കാൻ സാധ്യത ഏറ്റവും അധികമുള്ള എ പ്ലസ് മണ്ഡലങ്ങളുടെ കൂട്ടത്തിലായിരുന്നു ചെങ്ങന്നൂരെന്നത് പ്രതീക്ഷ ഇരട്ടിയാക്കി. പക്ഷെ ചെങ്ങന്നൂർ ബിജെപിക്ക് നൽകിയത് ദയനീയ മൂന്നാം സ്ഥാനം. തുടക്കം മുതൽ വോട്ടെടുപ്പിന്റെ ചിത്രത്തിൽ എവിടെയും എത്താൻ ബിജെപി സ്ഥാനാർത്ഥി ശ്രീധരൻ പിള്ളയ്ക്കായില്ല. ഈ തകർന്നടിയൽ ദേശീയ സംസ്ഥാന നേതൃത്വങ്ങളെ ഇരുത്തി ചിന്തിപ്പിക്കും.

കഴിഞ്ഞ തവണ സ്ഥാനാർത്ഥി ശ്രീധരൻ പിള്ള 42,000 വോട്ടെന്ന മിന്നുന്ന പ്രകടനമാണ് കാഴ്ച വച്ചത്. കഴിഞ്ഞ തവണത്തേക്കാൾ ഏഴായിരത്തോളം വോട്ടുകളാണ് ഇത്തവണ കുറഞ്ഞത്. ശക്തികേന്ദ്രമായ തിരുവൻവണ്ടൂർ പഞ്ചായത്തിൽപോലും പാർട്ടി രണ്ടാം സ്ഥാനത്തേക്ക് പോയി. 

കഴിഞ്ഞ തവണ പെട്ടിയിൽ വീണ ഹൈന്ദവ വോട്ടുകൾ നഷ്ടമായി , എസ്എൻഡിപിയുടെ കടുത്ത എതിർപ്പ് തകർന്നടിയലിന്റെ ആഘാതം കൂട്ടി. ഇത് രണ്ടുമാണ് വോട്ടു കുറയാനുള്ള പ്രധാന കാരണങ്ങൾ. ബിഡിജെഎസിന്റെ നിരന്തരമായ ആവശ്യങ്ങൾക്ക് ചെവികൊടുക്കാതിരുന്ന കേന്ദ്രനേതൃത്വത്തിന് അടികിട്ടിയെന്ന് തന്നെ പറയാം. ബിജെപിക്ക് എസ്എൻഡിപിയുടെ ശക്തികാട്ടിക്കൊടുക്കാൻ തീരുമാനിച്ചുറപ്പിച്ചായിരന്നു യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ നീക്കങ്ങളെല്ലാം. അത് ഫലം കണ്ടുവെന്ന് തന്നെ പറയാം. കഴിഞ്ഞ തവണ ബിജെപിയുടെ പെട്ടിയിൽ വീണ ഈഴവ വോട്ടുകൾ ഇത്തവണ ചോർന്നുവെന്ന് വ്യക്തം. ബിഡിജെഎസിനെ കൂട്ടാതെ ബിജെപിക്ക് കേരളത്തിൽ നേട്ടം കൊയ്യാനാകില്ലെന്ന വെള്ളാപ്പള്ളി നടേശന്റെ വാദത്തിന് ശക്തി പകരുന്നതാണ് ഇപ്പോഴത്തെ ഫലം. കൂടെക്കൂട്ടിയ ബിഡിജെഎസിനും ആദിവാസി നേതാവ് സികെ ജാനുവിനും പരിഗണന നൽകാതെയുള്ള ബിജെപിയുടെ പോക്ക് നേരത്തെ തന്നെ വിമർശനവിധേയമായതാണ്.

മുന്നണി ബന്ധത്തിന് അപ്പുറം ബിജെപിക്ക് പറ്റിയ പിഴവുകളും പരിശോധിക്കേണ്ടതാണ്. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഉൾപ്പെടെ നേതാക്കളുടെ പട തന്നെയെത്തിയിട്ടും നേട്ടമൊന്നും ഉണ്ടാക്കാൻ കഴി‍ഞ്ഞില്ലെന്നത് , കേരളത്തിലെ പ്രചാരണത്തിന്റെ തന്ത്രം മാറ്റിപ്പിടിക്കാൻ ബിജെപിയെ പ്രേരിപ്പിച്ചേക്കും. നേതാക്കളുടെ പടയെത്തിയെങ്കിലും പ്രചാരണങ്ങളിൽ ഏകോപനം ഇല്ലായിരുന്നുവെന്നത് നേരത്തെ തന്നെ ഉയർന്ന ആക്ഷേപമാണ്. മിസ്സോറാമിലേക്ക് ഗവർണറായി പോയ കുമ്മനം രാജശേഖരൻ തത്കാലം തോൽവിയുടെ ആഘാതത്തിൽ നിന്ന് മുക്തനാണ്. പക്ഷെ മറ്റ് നേതാക്കളുടെ സ്ഥിതി അതല്ല. അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന എം.ടി.രമേശിനായിരുന്നു മണ്ഡലത്തിന്റെ ചുമതല. ദിവസങ്ങളായി നായകനില്ലാത്ത പാർട്ടിയിൽ ചെങ്ങന്നൂരിന്റെ പശ്ചാത്തലത്തിൽ വൻഅഴിച്ചുപണി അമിത്ഷാ നടത്തും. ത്രികോണപ്പോരിലെ കയ്പ് നിറഞ്ഞ മൂന്നാം സ്ഥാനം കേരളം അടുത്തൊന്നും പിടി നൽകില്ലെന്ന വ്യക്തമായ സന്ദേശമാണ് ബിജെപിക്ക് നൽകുന്നത്.